ബെംഗളുരു - സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ക്ക് ഇരുട്ടടി. കര്‍ണ്ണാടകയില്‍ നഗരപ്രദേശങ്ങളിലെ വൈദ്യുതി ബില്ലില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ബെംഗളൂരു അടക്കമുള്ള നഗരപ്രദേശങ്ങളില്‍ ലഭിച്ച വൈദ്യുത ബില്ലിലാണ് വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. താരിഫിലെ മാറ്റമാണ് വൈദ്യുതി ബില്‍ വര്‍ധിക്കാന്‍ കാരണമായത്. വൈദ്യുതി ബില്ലില്‍ 50 ശതമാനത്തോളം വര്‍ധനവുണ്ടായതായി പലരും പരാതിപ്പെട്ടപ്പോള്‍ ചിലര്‍ തങ്ങളുടെ ബില്ലുകള്‍ ഇരട്ടിയായതായി പറയുന്നു. കഴിഞ്ഞ മാസം, ഏകദേശം 700 രൂപ അടച്ചിരുന്ന ഒരു ഇടത്തരം കുടുംബത്തിന് ഈ മാസം 1,300 രൂപയുടെ ബില്ലാണ് വന്നത്. ധാരാളം പരാതികള്‍ ലഭിച്ചതോടെ കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച പരിഷ്‌കരണത്തിന്റെ ഭാഗമാണിതെന്നും കുടിശ്ശിക ഈടാക്കുകയാണെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. താരിഫ് പരിഷ്‌കരണം കാരണം, യൂണിറ്റിന് ശരാശരി 70 പൈസയുടെ വര്‍ധനയുണ്ടായി. ഓര്‍ഡര്‍ മുന്‍കാല പ്രാബല്യത്തിലുള്ളതും ഏപ്രില്‍ മുതല്‍ ബാധകമായതിനാല്‍, ജൂണില്‍ കുടിശ്ശിക ശേഖരിക്കുകയാണ് എന്നും അതിന്റെ ഫലമായാണ് വര്‍ദ്ധനവുണ്ടായതെന്നും ബെംഗളൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം)മാനേജിംഗ് ഡയറക്ടര്‍ മഹന്തേഷ് ബിലാഗി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് തൊട്ട് പിന്നാലെ എത്തിയ വൈദ്യുതി ബില്ലില്‍ വന്‍ വര്‍ദ്ധനവുണ്ടായതില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.