ലഖ്‌നൗ- ഭാര്യയെ കെട്ടിപ്പിടിച്ചുകൊണ്ട് നിറയൊഴിച്ച സംഭവത്തില്‍ ദമ്പതികള്‍ മരിച്ചു. ഭാര്യയുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ്് നിറയൊഴിക്കുന്നതില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
ആശ്ലേഷിച്ച ശേഷം ഭാര്യയുടെ പിന്നില്‍ നിന്ന് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് വെടിയുണ്ട തുളച്ചുകയറിയാണ് ദമ്പതികള്‍ മരിച്ചത്. മൊറാദാബാദിലാണ് സംഭവം. നാല്‍പതു കാരനായ അനേക് പാലും ഭാര്യ സുമന്‍ പാലും (38) ആണ് മരിച്ചത്.
പ്രാര്‍ഥനയ്ക്ക് ശേഷം ഭാര്യയുടെ അടുത്തെത്തിയ അനേക് പാല്‍ ഭാര്യയെ കെട്ടിപ്പിടിച്ചു. അതിനിടെ കൈവശം കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ഭാര്യയുടെ പിന്നില്‍ നിന്ന് നിറയൊഴിക്കുകയായിരുന്നു. അനേക് പാലിന്റെ നെഞ്ചിലാണ് വെടിയുണ്ടയേറ്റത്. സുമന്‍ പാലിന്റെ പിന്നില്‍ നിന്ന് തുളച്ചുകയറിയ വെടിയുണ്ട അനേക് പാലിന്റെ നെഞ്ചിലേക്കും കയറുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.