Sorry, you need to enable JavaScript to visit this website.

പാർലമെന്റിനകത്ത് ലൈംഗീക ആക്രമണത്തിന് ഇരയായെന്ന് വനിതാ എം.പി

സിഡ്നി- പാർലമെന്റിൽ താൻ ലൈംഗികമായി 'അധിക്ഷേപിക്കപ്പെട്ടു' എന്ന ആരോപണവുമായി ഓസ്ട്രേലിയൻ എം.പി രംഗത്ത്. ഈ പാർലമെന്റ് സ്ത്രീകൾക്ക് ജോലി ചെയ്യാൻ സുരക്ഷിതമല്ലെന്നും ലിഡിയ തോർപ്പ് എം.പി പറഞ്ഞു. കണ്ണീരിൽ കുതിർന്ന വാക്കുകളോടെയാണ് പാർലമെന്റിന്റെ സെനറ്റിൽ ലിഡിയ തോർപ്പ് ഇക്കാര്യം പറഞ്ഞത്. താൻ 'ലൈംഗിക അഭിപ്രായങ്ങൾക്ക് ഇരയായെന്നും ഒരു ഗോവണിപ്പടിയിൽ മൂലക്കിരുത്തപ്പെട്ടതായും ഒരാൾ തന്നെ അനുചിതമായി സ്പർശിച്ചതായും അവർ പറഞ്ഞു. ഒരു സഹ സെനറ്റർ തന്നെ 'ലൈംഗികമായി ആക്രമിച്ചതായി' തോർപ്പ് ബുധനാഴ്ച ആരോപിച്ചിരുന്നു. തോർപ്പിന്റെ ആരോപണം നിഷേധിച്ച പാർലമെന്റ് അംഗം ഡേവിഡ് വാനിനെതിരായ തന്റെ ആരോപണം തോർപ്പ് വീണ്ടും മൂർച്ചകൂട്ടി. ആരോപണങ്ങളിൽ താൻ തകർന്നുപോയി എന്നാണ് വാൻ പറഞ്ഞത്. ആരോപണങ്ങൾ തീർത്തും അസത്യമാണെന്നും വാൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആരോപണങ്ങളുടെ പേരിൽ  വാനിനെ ലിബറൽ പാർട്ടി സസ്‌പെൻഡ് ചെയ്തു.
പാർലമെന്റിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ഓസ്ട്രേലിയയുടെ കടുത്ത മാനനഷ്ട നിയമങ്ങൾക്ക് വിധേയമാകില്ല. ഈ സഹചര്യത്തിൽ വാനിനെതിരായ ആരോപണങ്ങൾ പുറത്തു ഉന്നയിക്കാനാണ് ലിഡിയ തോർപ്പിന്റെ തീരുമാനം.  ലൈംഗിക ആക്രമണം' എന്നത് വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്തമായ കാര്യങ്ങളാണ് അർത്ഥമാക്കുന്നത് എന്ന് പറഞ്ഞ തോർപ്പ്, ഓസ്ട്രേലിയൻ പാർലമെന്റിൽ തനിക്കുണ്ടായ അനുഭവങ്ങൾ വിവരിച്ചു.
'ഓഫീസ് വാതിലിൽ നിന്ന് പുറത്തിറങ്ങാൻ എനിക്ക് ഭയമായിരുന്നു. ഞാൻ വാതിൽ ചെറുതായി തുറന്ന് പുറത്തുള്ള കാഴ്ചകൾ വ്യക്തമാണോയെന്ന് പരിശോധിക്കും. ഞാൻ ഈ കെട്ടിടത്തിനുള്ളിൽ നടക്കുമ്പോഴെല്ലാം എനിക്ക് ആരെങ്കിലും കൂടെയുണ്ടാകണമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 'സമാനമായ കാര്യങ്ങൾ അനുഭവിച്ചിട്ടുള്ളവരും പാർലമെന്റിലുണ്ട്. എന്നാൽ അവർ അവരുടെ കരിയറിന്റെ താൽപ്പര്യങ്ങൾക്കായി ആരോപണവുമായി മുന്നോട്ടുവരാത്തവരാണെന്നും ലിഡിയ തോർപ്പ് പറഞ്ഞു.  2021 മുതൽ, പാർലമെന്റിനുള്ളിൽ നടക്കുന്ന ആക്രമണങ്ങൾ സംബന്ധിച്ച് ഓസ്ട്രേലിയൻ രാഷ്ട്രീയം അസ്വസ്ഥമാണ്. ഓസ്ട്രേലിയൻ പാർലമെന്റിൽ ലൈംഗിക പീഡനവും ഭീഷണിപ്പെടുത്തലും വ്യാപകമാണെന്ന് 2021-ൽ സർക്കാർ പിന്തുണയോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അക്കാലത്ത് പാർലമെന്റിൽ ജോലി ചെയ്തിരുന്ന മൂന്നിൽ ഒരാൾ 'അവിടെ ജോലി ചെയ്യുന്നതിനിടെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനം അനുഭവിച്ചിട്ടുണ്ട് എന്നായിരുന്നു റിപ്പോർട്ട്.
 

Latest News