ന്യൂദൽഹി-2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചില്ലെങ്കിൽ രാജ്യത്ത് അടുത്ത തവണ തിരഞ്ഞെടുപ്പ് തന്നെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് ആം ആദ്മി. 2024ൽ നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ഭരണഘടന മാറ്റി രാജ്യത്തിന്റെ രാജാവായി സ്വയം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് എ.എ.പി ദേശീയ വക്താവും ദൽഹി കാബിനറ്റ് മന്ത്രിയുമായ സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മോഡി ജീവിച്ചിരിക്കുന്ന കാലത്തോളം രാജാവായി വാഴിക്കുകയായും ചെയ്യുകയെന്നും ഭരദ്വാജ് പറഞ്ഞു.
ജൂൺ 23-ന് പട്നയിൽ നടക്കുന്ന പ്രതിപക്ഷ സമ്മേളനനവുമായി ബന്ധപ്പെട്ടാണ് ഭരദ്വാജ് അഭിപ്രായ പ്രകടനം നടത്തിയത്. ''ഇപ്പോൾ വലിയ പ്രശ്നം പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്ന് 2024 ലെ തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ്. പോരാടിയില്ലെങ്കിൽ ഇനി രാജ്യത്ത് തെരഞ്ഞെടുപ്പ് തന്നെ ഉണ്ടാകാനുള്ള സാധ്യതയില്ല. പ്രതിപക്ഷത്തെ മുഴുവൻ ബി.ജെ.പി ചവിട്ടിമെതിക്കുകയാണ് ചെയ്യുന്നത്. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കെതിരെ സി.ബി.ഐ, ഇ.ഡി, ഐ.ടി റെയ്ഡുകൾ നടത്തി അവരെ ജയിലിൽ അടയ്ക്കുന്ന രീതിയാണുള്ളത്. 2024ൽ നരേന്ദ്രമോഡി വീണ്ടും പ്രധാനമന്ത്രിയായാൽ ഭരണഘടന തിരുത്തി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. മോഡി ജീവിച്ചിരിക്കുന്നിടത്തോളം ഈ രാജ്യത്തിന്റെ രാജാവായിരിക്കുമെന്നും എണ്ണമറ്റ ആളുകൾ ജീവൻ ബലിയർപ്പിച്ച ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും ഭരദ്വാജ് അവകാശപ്പെട്ടു.
ആരോപണം ബി.ജെ.പി നിഷേധിച്ചു. ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ആം ആദ്മി. കെജ്രിവാളിനെ അഴിമതിക്കാരനെന്ന് അധിക്ഷേപിക്കുകയും ആരോപിക്കുകയും ചെയ്ത പാർട്ടികളെയും രാഷ്ട്രീയ നേതാക്കളെയും പോലും ആം ആദ്മി കെട്ടിപ്പിടിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.