Sorry, you need to enable JavaScript to visit this website.

മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന് വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് ഇനാം പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘം

ഭോപ്പാൽ - മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന് വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് 110000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘം. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് ഇത്തരമൊരു ആഹ്വാനം അരങ്ങേറിയത്. ഹിന്ദു ധർമസേന എന്ന സംഘടനയുടെ സ്ഥാപക നേതാവ് യോഗേഷ് അഗർവാളാണ് ഇനാം പ്രഖ്യാപിച്ചത്. 
 ഹിന്ദു സമുദായത്തിലെ സ്ത്രീകളുടെ ജനസംഖ്യ സംരക്ഷിക്കാനെന്ന പേരിലാണ് ഹിന്ദു ധർമസേനയുടെ പുതിയ പദ്ധതി. ഹിന്ദു സമുദായത്തിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളുടെ എണ്ണം കുറവാണത്രെ. ആയതിനാൽ ഹിന്ദു പെൺകുട്ടികളെ രക്ഷിക്കുകയും മുസ്‌ലിം പെൺകുട്ടികളെ ഇങ്ങോട്ട് കൊണ്ടുവന്ന് ഹിന്ദുവാക്കണമെന്നുമാണ് ആഗ്രഹമെന്ന് യോഗേഷ് അഗർവാൾ പറയുന്നു. ഇപ്രകാരം മുസ്‌ലിം പെൺകുട്ടികളെ വിവാഹം കഴിക്കുന്നവർക്കാണ് 11000 രൂപ പ്രതിഫലം നൽകുക. പെൺകുട്ടികളെ പ്രേമിച്ച് വിവാഹം കഴിക്കുകയും ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യുകയുമാണ് വേണ്ടത്. ഏതെങ്കിലും ഹിന്ദു ആൺകുട്ടി ഒരു മുസ്‌ലിം പെൺകുട്ടിയെ പ്രണയിക്കുകയും ദമ്പതികൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, പാരിതോഷികത്തിന് പുറമെ, ഞങ്ങൾ വിവാഹത്തിനാവശ്യമായ എല്ലാ സഹായങ്ങളും പോലീസ് നടപടിക്രമങ്ങളിലും അവരെ സഹായിക്കും. ഞങ്ങൾ ഞങ്ങളുടെ പെൺമക്കളെ സംരക്ഷിക്കുകയും മുസ്‌ലിം പെൺകുട്ടികളെ ഞങ്ങളുടെ കുടുംബങ്ങളിൽ എല്ലാ ബഹുമാനത്തോടെയും സ്വീകരിക്കുകയും ചെയ്യുന്ന സമയമാണിത്. രാജ്യത്തുടനീളം മുസ്‌ലിം ആൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെ 'ലൗ ജിഹാദിലൂടെ പ്രലോഭിപ്പിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് അഗർവാൾ അവകാശപ്പെട്ടു. നിലവിൽ പ്രതിഫല തുക 11,000 രൂപയായിരിക്കുമെന്നും എന്നാൽ എവിടെ നിന്നെങ്കിലും സാമ്പത്തിക സഹായം ലഭ്യമാക്കാൻ സാധിച്ചാൽ പ്രതിഫലം വർധിപ്പിക്കും. രാജ്യത്ത് ഹിന്ദു പെൺകുട്ടികളുടെ ജനസംഖ്യ കുറഞ്ഞുവെന്നും ഈ സമയത്ത് ഈ സംരംഭം വളരെ ആവശ്യമായ നീക്കമാണെന്നും യോഗേഷ് അഗർവാൾ പ്രതികരിച്ചു.
 200-ലധികം സജീവ പ്രവർത്തകരുള്ള ജബൽപൂരിലെ ഒരു പഴയ ഹിന്ദുത്വ സംഘടനയാണ് ഹിന്ദു ധർമ്മ സേന. സംഘടന മുമ്പ് ബി.ജെ.പിയുമായും ആർ.എസ്.എസുമായും ബന്ധപ്പെട്ട് സജീവമായി പ്രവർത്തിച്ചിരുന്നു.
 

Latest News