Sorry, you need to enable JavaScript to visit this website.

ആരോഗ്യ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ ക്യൂബ സന്നദ്ധത പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി

ഹവാന(ക്യൂബ) -  ആരോഗ്യ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ ക്യൂബ സന്നദ്ധത പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യൂബയിലെ ആരോഗ്യ രംഗത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ  കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പബ്ലിക് ഹെല്‍ത്ത് കെയര്‍, ട്രോപ്പിക്കല്‍ മെഡിസിന്‍, ന്യൂറോ സയന്‍സ് റിസര്‍ച്ച്, മോളിക്യുലാര്‍ ഇമ്മ്യൂണോളജി, കാന്‍സര്‍ ചികിത്സ തുടങ്ങിയ മേഖലകളില്‍ ലോകപ്രശസ്തമാണ്  ക്യൂബന്‍ ആരോഗ്യ സംവിധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തോടെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിക്കുന്നതില്‍ ക്യൂബന്‍ ബയോടെക്‌നോളജിയും ഫാര്‍മസ്യൂട്ടിക്കല്‍സും വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഈ രംഗത്ത് സഹകരണമുറപ്പാക്കുന്നതോടെ ആകര്‍ഷണീയമായ മാറ്റങ്ങളാണ് കേരളത്തിലുണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബയോ ക്യൂബ ഫാര്‍മയുമായി സഹകരിച്ച് കേരളത്തില്‍ ഒരു വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താല്‍പര്യവും മുഖ്യമന്ത്രി ചര്‍ച്ചയില്‍ ക്യൂബന്‍ ആരോഗ്യമന്ത്രാലയത്തെ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി കേരളത്തിലെയും  ക്യൂബയിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. കേരളത്തില്‍  ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതിന് നേതൃത്വം വഹിക്കും.
ആരോഗ്യ, ഗവേഷണ, നിര്‍മ്മാണ രംഗത്തെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്യൂബന്‍ പ്രതിനിധി സംഘത്തെ  കേരളത്തിലേക്ക് ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എം പി, ചീഫ്  സെക്രട്ടറി വി പി ജോയ്,  സംസ്ഥാന സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു.

 

Latest News