മംഗളൂരു-കര്‍ണാടകയില്‍ കോളേജ് വാര്‍ഷികത്തില്‍ ബാബരി മസ്ജിദ് ധ്വംസനം പുനരാവിഷ്‌കരിച്ചത് വിവാദമായി. ആര്‍എസ്എസ് ദക്ഷിണമധ്യ മേഖലാ നിര്‍വാഹക സമിതി അംഗമായ കല്ലഡ്ക പ്രഭാകര്‍ ഇതിനെ ന്യായീകരിച്ച് രംഗത്തുവന്നു.ദക്ഷിണ കന്നഡ ജില്ലയിലെ കോളേജ് വാര്‍ഷികത്തിലാണ് 25 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്‌കിറ്റ് അവതരിപ്പിച്ചത്. പുത്തൂരിലെ സ്വയംഭരണ കോളേജായ വിവേകാനന്ദ ഫസ്റ്റ് ഗ്രേഡ് കോളേജിലാണ് വിവാദ സ്‌കിറ്റ് അവതരിപ്പിച്ചത്. പരിപാടിയുടെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ വൈറലായി മാറുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.
ആര്‍എസ്എസ് ദക്ഷിണമധ്യ മേഖലാ നിര്‍വാഹക സമിതി അംഗമായ കല്ലഡ്ക പ്രഭാകര്‍ ഭട്ടിന്റെ പ്രസിഡന്റായ വിവേകാനന്ദ വിദ്യാവര്‍ദ്ധക സംഘമാണ് കോളേജ് നടത്തുന്നത്. ചരിത്രത്തെ ചിത്രീകരിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുനിന്നുള്ളവര്‍ എങ്ങനെയാണ് ഇന്ത്യയെ ആക്രമിക്കുകയും അതിന്റെ ക്ഷേത്രവും സംസ്‌കാരവും തകര്‍ക്കുകയും ചെയ്തത് എന്ന സന്ദേശമാണ് നല്‍കിയത്. ഇതിന് മതവുമായി യാതൊരു ബന്ധവുമില്ല. മറിച്ച് ആക്രമണകാരികളുടെ ക്രൂരതയാണ് കാണിക്കുന്നത്. അധിനിവേശക്കാരുടെ കയ്യില്‍ നിന്ന് ഇന്ത്യ ഒരുപാട് കഷ്ടപ്പെട്ടു, രാമക്ഷേത്രം തകര്‍ത്തത് അതിലൊന്നാണ്-ഭട്ട് പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ കൊലപാതകം അവതരിപ്പിക്കുമ്പോള്‍ ഏതെങ്കിലും സിഖ് ചോദ്യം ചെയ്യുമോ? രാജീവ് ഗാന്ധിയുടെ കൊലപാതകം അവതരിപ്പിക്കുമ്പോള്‍ തമിഴര്‍ എതിര്‍ക്കുന്നുണ്ടോ? വിദ്യാര്‍ത്ഥികള്‍ ചരിത്രം അവതരിപ്പിക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്തതായി ആരോപിക്കപ്പെടുന്ന ചിത്രവും ബാബരി മസ്ജിദ് തകര്‍ത്തതും രാമക്ഷേത്രത്തിന് പ്രതീകാത്മക തറക്കല്ലിടുന്നതും സ്‌കിറ്റിലുണ്ട്.
കഴിഞ്ഞ വര്‍ഷം രണ്ട് കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഗീയ സെന്‍സിറ്റീവ് ആയ ദക്ഷിണ കന്നഡ ജില്ലയില്‍ ഇത്തരമൊരു നാടകം അരങ്ങേറുന്നത് ഇതാദ്യമല്ല. 2019 ഡിസംബറില്‍ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള ശ്രീരാമ വിദ്യാകേന്ദ്ര ഹൈസ്‌കൂളില്‍ സമാനമായ നാടകം അവതരിപ്പിച്ചിരുന്നു. മതസ്പര്‍ദ്ധയുണ്ടാക്കാന്‍ പരിപാടിയില്‍ ഒന്നുമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം അന്നും പരിപാടിയെ ന്യായീകരിച്ചത്.
അതേസമയം, പുതിയ നാടകത്തെ കുറിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കന്നഡ ഇന്‍ചാര്‍ജ് പോലീസ് സൂപ്രണ്ട് സി ബി ഋശ്യന്ത് പറഞ്ഞു.
കര്‍ണാടകയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് വര്‍ഗീയ പ്രവര്‍ത്തനങ്ങളോ സദാചാര പോലീസിങ്ങോ അനുവദിക്കില്ലെന്ന് പറഞ്ഞതിനു പിന്നാലെയാണ് വിദ്വേഷ സന്ദേശവുമായുള്ള നാടകം. നഗരത്തിലെ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സിറ്റി െ്രെകംബ്രാഞ്ചിനു കീഴില്‍ മംഗളൂരുവില്‍ വര്‍ഗീയ വിരുദ്ധ വിഭാഗം രൂപീകരിച്ചിട്ടുണ്ട്.