ഹൈദരാബാദ്- സൗദിയില്‍ പ്രവേശന വിലക്ക് നേരിടുന്ന സ്ത്രീയേയും ഭര്‍ത്താവിനെയും ജിദ്ദയില്‍ എത്തിയ ശേഷം തിരിച്ചയച്ചു. തെലങ്കാന ഹജ് കമ്മിറ്റി മുഖേന എത്തിയ രണ്ട് ഹജ് തീര്‍ഥാടകര്‍ക്കാണ് സൗദി അധികൃതര്‍ ജിദ്ദ വിമാനത്താവളത്തില്‍ പ്രവേശനം നിഷേധിച്ചത്. ഹജ് കമ്മിറ്റിയുടെ മഹ്ബൂബ് നഗര്‍ ജില്ലക്കാരായ മുഹമ്മദ് അബ്ദുള്‍ ഖാദറും ഭാര്യ ഫരീദ ബീഗവും വിസ്താര എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തിലാണ് ജിദ്ദയിലെത്തിയത്.
ഫരീദാ ബീഗത്തിനു പ്രവേശന വിലക്കുണ്ടെന്നും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാസ്‌പോര്‍ട്ടാണെന്നും ജിദ്ദ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒറ്റ കവര്‍ നമ്പറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് മുഹമ്മദ് അബ്ദുള്‍ ഖാദറിനും പ്രവേശനം വിലക്കി. സൗദി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം, വിസ്താര എയര്‍ലൈന്‍സ് ഇവരെ മുംബൈയിലേക്കുള്ള വിമാനത്തില്‍ തിരികെ എത്തിച്ചു. സംഭവത്തെക്കുറിച്ച് തെലങ്കാന ഹജ് കമ്മിറ്റിയെ എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഫരീദാ ബീഗം മുമ്പ് സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നതായും താമസത്തിനിടെ ഉണ്ടായ സംഭവത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും പറയുന്നു. ഇതാണ് പാസ്‌പോര്‍ട്ട് കരിമ്പട്ടികയില്‍ പെടാന്‍ കാരണം.