Sorry, you need to enable JavaScript to visit this website.

സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് തീയിട്ടു

ഇംഫാല്‍ - സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് തീയിട്ടു. ഇംഫാല്‍ വെസ്റ്റിലെ മന്ത്രി നെംച കിപ്ഗന്റെ വസതിയാണ് അക്രമികള്‍ കത്തിച്ചത്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ വസതി ഒരു വിഭാഗം ആളുകള്‍ അഗ്നിക്കിരാക്കിയത്. ചൊവ്വാഴ്ച കാംഗ്‌പോപി ജില്ലയ്ക്ക് കീഴിലുള്ള ഖമെന്‍ലോകിലെ ഒരു ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികള്‍ ഗ്രാമത്തിലെത്തി വെടിയുതിര്‍ക്കുകയും തീവെപ്പ് നടത്തുകയും ചെയ്യുകയായിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് തീയിട്ടത്. 
മണിപ്പൂരില്‍ ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 310 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. . സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യത്തെയും അര്‍ദ്ധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെങ്‌നൗപാല്‍, ഇംഫാല്‍ ഈസ്റ്റ് ജില്ലകളില്‍ നിന്ന് തോക്കുകളും 63 വെടിക്കോപ്പുകളും കണ്ടെടുത്തു. ഇതുവരെ 1,040 ആയുധങ്ങളും 13,601 വെടിക്കോപ്പുകളും 230 വ്യത്യസ്ത തരം ബോംബുകളും കണ്ടെടുത്തതായി മണിപ്പൂരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിംഗ് പറഞ്ഞു. 
ഇംഫാല്‍ ഈസ്റ്റ് ജില്ലയിലും ഇംഫാല്‍ വെസ്റ്റ് ജില്ലയിലും ഏര്‍പ്പെടുത്തിയ കര്‍ഫ്യു ഇളവ് അധികൃതര്‍ വെട്ടിക്കുറച്ചു. രാവിലെ 5 മുതല്‍ വൈകുന്നേരം 6 വരെ കര്‍ഫ്യൂവില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവാണ് പിന്‍വലിച്ചത്. മണിപ്പൂരിലെ 16 ജില്ലകളില്‍ 11 എണ്ണത്തിലും കര്‍ഫ്യൂ നിലവിലുണ്ട്. സംസ്ഥാനത്തുടനീളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

 

Latest News