ലണ്ടന്‍- യഥാര്‍ഥ വിധി പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് ദിനത്തിലാണന്ന് പ്രസ്താവിച്ചും അതുവരെ കാത്തിരിക്കാന്‍ പാര്‍ട്ടികളെ ഉണര്‍ത്തിയും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകള്‍ മറിയം. നവാസ് ശരീഫിനേയും മകളേയും അഴിമതിക്കേസില്‍ പാക്കിസ്ഥാന്‍ കോടതി ശിക്ഷിച്ചതിനു പിന്നാലെയാണ് ലണ്ടനില്‍ മറിയത്തിന്റെ പ്രതികരണം. പിതാവിനെ പാക്കിസ്ഥാനിലേക്ക് മടങ്ങുന്നത് തടയാന്‍ ആസൂതിത്ര നീക്കമുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഈ മാസം 25 -ന് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് യഥാര്‍ഥ വിധിയുണ്ടാകുകയെന്നു പറഞ്ഞ മറിയം, ആത്മവീര്യം ചോരാതെ പൊരുതാന്‍ പാര്‍ട്ടി അണികളെ ഉണര്‍ത്തി. പാക്കിസ്ഥാനിലേക്ക് മടങ്ങുമെന്ന് നവാസ് ശരീഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
അഴിമതിക്കേസില്‍ നവാസ് ശരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് ഏഴു വര്‍ഷവുമാണ് ജയില്‍ ശിക്ഷ വിധിച്ചത്. മരുമകന്‍ മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷമാണ് തടവ്. ശരീഫിന് 80 ലക്ഷം പൗണ്ടും മറിയത്തിന് 20 ലക്ഷം പൗണ്ടും പിഴ വിധിച്ചിട്ടുണ്ട്. പാക് അക്കൗണ്ടബിലിറ്റി കോടതിയുടേതാണ് ഉത്തരവ്.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി അയോഗ്യത കല്‍പിച്ചതിനെ തുടര്‍ന്ന് 2017 ജൂലൈയിലാണു ശരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. സുപ്രീം കോടതി വിധിയെത്തുടര്‍ന്നു 2017 സെപ്റ്റംബര്‍ എട്ടിനാണു ശരീഫിനും മക്കള്‍ക്കും മരുമകനുമെതിരെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. ശരീഫിനും മക്കളായ ഹുസൈന്‍, ഹസന്‍, മകള്‍ മറിയം, മകളുടെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്.
വിവിധ രാജ്യങ്ങളിലെ പ്രമുഖരുടെ അനധികൃത രഹസ്യ വിദേശ നിക്ഷേപങ്ങള്‍ പുറത്തുകൊണ്ടുവന്ന പാനമ രേഖകളില്‍ ശരീഫിന്റെയും മക്കളായ ഹസന്‍, ഹുസൈന്‍, മറിയം എന്നിവരുടെയും വിദേശ നിക്ഷേപ വിവരങ്ങളും ഉള്‍പ്പെട്ടിരുന്നു. ലണ്ടനില്‍ വാങ്ങിയ മൂന്നു ഫ് ളാറ്റുകള്‍ അടക്കമുള്ള വിദേശ നിക്ഷേപങ്ങള്‍ നവാസ് ശരീഫിന്റെ പ്രഖ്യാപിത സ്വത്തുക്കളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.