വായ്പ തട്ടിപ്പ് കേസ്: കെ.കെ. അബ്രഹാമിനെ പുല്പള്ളിയില് എത്തിച്ച് തെളിവെടുത്തു
പുല്പള്ളി-സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്റിലുള്ള ബാങ്ക് മുന്‍ പ്രസിഡന്റും രാജിവെച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.കെ.അബ്രഹാമിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി പുല്പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ബാങ്കിലും ചുണ്ടക്കൊല്ലിയിലെ അബ്രഹാമിന്റെ വസതിയിലുമായിരുന്നു സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ്.
രാവിലെ മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് അബ്രഹാമിനെ സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി(രണ്ട്) പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇതിനായി കോടതിയില്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നു. രാവിലെ പത്തരയോടെ ജില്ലാ ജയില്‍ എത്തി കസ്റ്റഡിയില്‍ വാങ്ങിയ അബ്രഹാമിനെ കോടതിയില്‍ ഹാജരാക്കിയശേഷമാണ് ഉച്ചകഴിഞ്ഞു മൂന്നോടെ തെളിവെടുപ്പിനു പുല്പള്ളിയില് കൊണ്ടുവന്നത്. സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്കു എത്തിച്ച അബ്രഹാമിന്റെ രക്തസമ്മര്‍ദം ഉയര്‍ന്നതാണ് തെളിവെടുപ്പിനു എത്തിക്കുന്നതു വൈകിയത്. സ്റ്റേഷനില്‍ എത്തിച്ചതിനു പിന്നാലെയാണ് വീട്ടിലും പിന്നീട് ബാങ്കിലും തെളിവെടുപ്പ് നടന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ടൗണില്‍ കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
രണ്ടു കേസുകളാണ് അബ്രഹാമിനെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്തത്. അനുവദിച്ച വായ്പ തുക നല്‍കാതെ കബളിപ്പിച്ചുവെന്ന കേളക്കവല പറമ്പക്കാട്ട് ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളുടെ പരാതിയിലാണ് ഒരു കേസ്. കേളക്കവല ചെമ്പകമൂലയിലെ കര്ഷകന് രാജേന്ദ്രന് നായരെ ആത്മഹത്യക്കു പ്രേരിപ്പിച്ചെന്നാണ് രണ്ടാത്തെ കേസ്. ആത്മഹത്യ പ്രേരണക്കുറ്റത്തിനുള്ള കേസില്‍ അബ്രഹാമിനു ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഡാനിയേല്‍ ദമ്പതികളുടെ പരാതിയിലുള്ള കേസില്‍ ജാമ്യാപേക്ഷ തള്ളി. ഈ കേസില്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടാനുള്ള നീക്കത്തിലാണ് അബ്രഹാം. ഡാനിയേല്‍ ദമ്പതികളുടെ പരാതിയില്‍ 2022 ഒക്ടോബറില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്. രാജേന്ദ്രന് നായരുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലായിരുന്നു ഈ കേസില്‍ അബ്രഹാമിനെ അറസ്റ്റുചെയ്തത്. പിന്നീട് രാജേന്ദ്രന് നായരുടെ കുടുംബത്തിന്റെ പരാതിയിലാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്.
രണ്ടു കേസുകളിലും ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി.രമാദേവി, വായ്പ തട്ടിപ്പില്‍ ഇടനിലക്കാരനായിരുന്ന കേളക്കവല കൊല്ലപ്പള്ളി സജീവന് എന്നിവരും പ്രതികളാണ്. ഇതില്‍ രമാദേവി ജില്ലാ ജയിലില്‍ റിമാന്റിലാണ്. ഡാനിയേല്‍ ദമ്പതികളുടെ പരാതിയിലുള്ള കേസില്‍ ഇവരുടെ ജാമ്യാപേക്ഷ സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും പിന്നീട് ജില്ലാ കോടതിയും തള്ളിയിരുന്നു. ആത്മഹത്യ പ്രേരണയ്ക്കുള്ള കേസില്‍ കഴിഞ്ഞ ദിവസം പോലീസ് ജില്ലാ ജയിലിലെത്തിയാണ് രമാദേവിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസില്‍ രമാദേവി അടുത്ത ദിവസം ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന.
രാജേന്ദ്രന് നായര്‍ എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസിനു ലഭിച്ചിട്ടുണ്ട്. വീട്ടുകാരുടെ പരിശോധനയില്‍ ഡയറിയില്‍ കണ്ടെത്തിയ കുറിപ്പ് പോലീസിനു കൈമാറുകയായിരുന്നു. ഈ കുറിപ്പില്‍ അബ്രഹാം, രമാദേവി, സജീവന് എന്നിവര്‍ക്കു പുറമേ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്ന ചിലരുടെ പേരുകളും പരാമര്‍ശിക്കുന്നുണ്ട്. കുറിപ്പ് രാജേന്ദ്രന് നായര്‍ എഴുതിയതാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കേസുകളില്‍ കോടതി റിമാന്റ് ചെയ്തിന്റെ പിറ്റേന്നാണ് അബ്രഹാം കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്.
തനിക്കെതിരായ നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ജൂഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഇന്നലെ കോടതി വളപ്പില്‍ അബ്രഹാം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം സുപ്രധാന കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.