Sorry, you need to enable JavaScript to visit this website.

ഇന്റര്‍നെറ്റ് കീഴടക്കി ബഹിരാകാശ നിലയത്തിലെ മനോഹര പുഷ്പം

ന്യൂദല്‍ഹി- അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നട്ടുവളര്‍ത്തിയ ചെടിയില്‍നിന്നുള്ള പുഷ്പത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയാണ് അതിശയിപ്പിക്കുന്ന ചിത്രം പുറത്തുവിട്ടത്.
ബഹിരാകാശവും പ്രപഞ്ചവും ഇപ്പോഴും പര്യവേക്ഷണം ചെയ്യപ്പെടുന്ന വിശാലമായ മേഖലകളാണെങ്കിലും എല്ലാ ദിവസവും ഗവേഷകരും ശാസ്ത്രജ്ഞരും നമ്മെ വിസ്മയിപ്പിക്കുന്ന കൗതുകകരമായ കണ്ടെത്തലുകള്‍ നടത്തുന്നുണ്ട്.
ശാസ്ത്രജ്ഞരില്‍ പലരും ബഹിരാകാശത്ത് സസ്യങ്ങള്‍ വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ബഹിരാകാശത്ത് പച്ചക്കറി തോട്ടവും പൂന്തോട്ടവും വളര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വെഗ്ഗി സൗകര്യത്തിന്റെ ഭാഗമായി ഭ്രമണപഥത്തിലാണ് ഈ സിന്നിയ പുഷ്പം വളര്‍ത്തിയത്. 1970കള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് സസ്യങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്.  ബഹിരാകാശ ഉദ്യാനം കേവലം പ്രദര്‍ശനത്തിനുള്ളതല്ലെന്ന് ശാസ്ത്രജ്ഞര്‍ അടിവരിയിട്ട് പറയുന്നു. ഭ്രമണപഥത്തില്‍ സസ്യങ്ങള്‍ എങ്ങനെ വികസിക്കുന്നുവെന്ന് പഠിക്കുന്നത് ഭൂമിയില്‍ വിളകള്‍ എങ്ങനെ മികച്ച രീതിയില്‍ വളര്‍ത്താമെന്ന് മനസ്സിലാക്കാന്‍ കൂടിയാണ്.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദീര്‍ഘകാല ദൗത്യങ്ങളില്‍ ചെടികള്‍ വളര്‍ത്തുന്ന പുതിയ പരീക്ഷണങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ബഹിരാകാശയാത്രികര്‍ കടടല്‍ ചീര, തക്കാളി, മുളക് എന്നിവയും മറ്റ് പച്ചക്കറികള്‍ക്കൊപ്പം വളര്‍ത്തിയിട്ടുണ്ട്. ഇനിയും ധാരാളം ചെടികള്‍ വരാനുണ്ട്.

 

Latest News