തൃശൂര്‍ - രണ്ടു പെണ്‍കുട്ടികളെയും കൊലപ്പെടുത്തി കഴിഞ്ഞ ദിവസം ഗുരുവായൂരിലെ ലോഡ്ജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ചന്ദ്രശേഖരന്‍ അപകടനില തരണം ചെയ്തതായി ഡോകടര്‍മാര്‍ സൂചന നല്‍കി. തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രശേഖരനെ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയേക്കും. ആര്‍ഭാട ജീവിതത്തിനായി കൈയ്യിലുള്ള പണമെല്ലാം ചെലവഴിച്ചതും അടുത്തിടെയുണ്ടായ രണ്ടാം ഭാര്യയുടെ മരണവുമെല്ലാം മാനസികമായി തകര്‍ത്തതോടെയാണ് ചന്ദ്രശേഖരന്‍ എഴിലും രണ്ടിലും പഠിക്കുന്ന മക്കളായ ശിവനന്ദയെയും, ദേവനന്ദയെയും കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.
ആര്‍ഭാട ജീവിതമാണ് ചന്ദ്രശേഖരന് വിനയായതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യഭാര്യയുമായി പിരിഞ്ഞ ശേഷം അവരുടെ ബന്ധുക്കളുമായി ചന്ദ്രശേഖരന് അടുപ്പമില്ല. രണ്ടാം ഭാര്യയായ അജിതയുടെ ബന്ധുക്കളുമായും അകല്‍ച്ചയിലായിരുന്നു. സ്വന്തം വീട്ടുകാരുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് രണ്ടാം ഭാര്യയും മരിക്കുന്നത്. ഇതോടെ കടുത്ത വിഷാദത്തിലായിരുന്നു ചന്ദ്രശേഖരന്‍.
വീട് വിറ്റ തുക ചന്ദ്രശേഖരന്റെ കയ്യിലുണ്ടായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതു മുഴുവന്‍ ആര്‍ഭാട ജീവിതത്തിനാണ് ചെലവിട്ടത്. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളുമായി മുന്നോട്ടു പോകുമ്പോഴും ആര്‍ഭാടം കുറയ്ക്കാന്‍ ചന്ദ്രശേഖരന്‍ തയ്യാറായിരുന്നില്ല. ഗുരുവായുര്‍ ക്ഷേത്ര പരിസരത്ത് വാടക വീട്ടിലാണ് ചന്ദ്രശേഖരനും കുടുംബവും താമസിച്ചിരുന്നത്. വീടിന്റെ എഗ്രിമെന്റ് കാലാവധി അടുത്ത ദിവസം കഴിയുന്നതിനാല്‍ പുതിയ വീട് കണ്ടെത്തണമെന്നതും ചന്ദ്രശേഖരെ അലട്ടിയിരുന്നതായി പറയുന്നു.