കൊച്ചി - മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ നോട്ടമിട്ട് ഇ ഡിയും. ചോദ്യം ചെ.യ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് ഇ ഡി നേട്ടീസ് അയക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കേസില്‍ മോണ്‍സന്റെ മൂന്ന് ജീവനക്കാരില്‍ നിന്നും ഇ ഡി നേരത്തെ മൊഴിയെടുത്തിരുന്നു. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് എടുത്ത കേസില്‍ സുധാകരന്‍ ജൂണ്‍ 23ന് ഹാജരാകാന്‍ നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു ക്രൈംബ്രാഞ്ച് സുധാകരനോട് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ .ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് സുധാകരന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കിയത്.
കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ കെ സുധാകരനെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്ന് മോന്‍സന്റെ പേരില്‍ എത്തിയ പണം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വിട്ടുകിട്ടാന്‍ പത്ത് ലക്ഷം വാങ്ങിയെന്ന പരാതിക്കാരുടെ ആരോപണത്തിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വാദം. വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.