ന്യൂദല്‍ഹി- കാലങ്ങളായുള്ള തങ്ങളുടെ പ്രകടന പത്രികയിലുണ്ടായിരുന്ന ഏകീകൃത സിവില്‍ കോഡിലേക്ക് ചുവട്വെച്ച് ബിജെപി. പുതിയ പാര്‍ലമെന്റിലെ പ്രഥമ സമ്മേളനത്തില്‍ തന്നെ ബില്ല് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലെങ്കിലും ബില്‍ അവതരിപ്പിക്കാനാണു ശ്രമം നടക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജു ജനതാദളും പിന്തുണയ്ക്കുമെന്നതിനാല്‍ രാജ്യസഭയിലും ബില്‍ പാസാകാനുള്ള വോട്ടിന്റെ പ്രശ്നമില്ലെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
ലോ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണു നടപടികള്‍ വേഗത്തിലാക്കുന്നത്. കേന്ദ്രത്തില്‍നിന്നുള്ള നടപടിക്കു കാത്തുനില്‍ക്കാതെ ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം തുടങ്ങി ബിജെപി ഭരണത്തിലുള്ള പല സംസ്ഥാനങ്ങളും ഏകീകൃത സിവില്‍ കോഡിനായുള്ള നടപടികള്‍ തുടങ്ങിയിരുന്നു. ഏറ്റവും വേഗത്തില്‍ മുന്നോട്ടുപോകുന്നത് ഉത്തരാഖണ്ഡാണ്. നിയമം നടപ്പാകുമ്പേഴുള്ള പ്രതിഷേധങ്ങള്‍ ഏതു വിധേനയാകുമെന്ന് കണക്ക് കൂട്ടാനാണ് സംസ്ഥാനങ്ങളില്‍ പെട്ടന്ന് നിയമ നിര്‍മാണം നടത്തുന്നത്.
സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് രഞ്ജന പി.ദേശായിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതി പല തലങ്ങളില്‍ ചര്‍ച്ച നടത്തുന്നുണ്ട്. നാളെ ഡല്‍ഹിയില്‍ ഈ സമിതി ദേശീയ തലസ്ഥാന മേഖലയില്‍ താമസിക്കുന്ന ഉത്തരാഖണ്ഡുകാരുമായി കൂടിക്കാണുന്നുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഇനി നടപ്പാക്കാനുള്ള പ്രധാന തീരുമാനം ഏകീകൃത സിവില്‍ കോഡ് മാത്രമാണ്. ഈ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് തന്നെ ഏകീകൃത സിവില്‍ കോഡിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.