കൊച്ചി - മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. പി.വി ശ്രീനിജൻ എം.എൽ.എയുടെ പരാതിയിൽ അറസ്റ്റ് തടയണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം തള്ളിയാണ് കോടതിയുടെ ഇടപെടൽ. ഷാജന്റെ മുൻകൂർ ജാമ്യ ഹരജി കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി.
ഷാജന്റെ മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടൽ തനിക്കെതിരെ നിരന്തരം വ്യക്ത്യാധിക്ഷേപം നടത്തുകയും വ്യാജവാർത്ത ചമക്കുകയും ചെയ്യുന്നുവെന്നായിരുന്നു പി.വി ശ്രീനിജൻ എം.എൽ.എയുടെ പരാതി. കുറേ വർഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണ്. ആസൂത്രിത അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കാൻ നിർബന്ധിതനായതെന്നാണ് എം.എൽ.എയുടെ വാദം. എഡിറ്ററെ കൂടാതെ സി.ഇ.ഒ ആൻ മേരി ജോർജ്, കോ-ഓർഡിനേറ്റിംഗ് എഡിറ്റർ ഋജു എന്നിവരെ പ്രതികളാക്കിയാണ് പരാതി നൽകിയത്.