ഇടുക്കി - മൂന്നാറിൽ കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് കാട്ടുകൊമ്പൻ പടയപ്പ. ഗൂഡാർ വിള എസ്റ്റേറ്റ്, നെറ്റിമേട് ഭാഗത്ത് വെച്ചാണ് കാട്ടാന വാഹനം തടഞ്ഞത്. മൂന്നാറിലെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് മാട്ടുപ്പെട്ടിയിലെ തേയില ഫാക്ടറിയിലേക്ക് കൊളുന്തുമായി പോകുന്ന ട്രാക്ടറാണ് പടയപ്പ തടഞ്ഞത്.
നെറ്റിമേട് ഭാഗത്ത് എത്തിയപ്പോഴാണ് ഡ്രൈവർ സെൽവകുമാറിന്റെ കൺമുന്നിൽ കാട്ടാനയെ കണ്ടത്. ഇതോടെ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. ശേഷം ട്രാക്ടറിൽ ഭക്ഷണസാധനങ്ങളാണെന്ന് കരുതി കാട്ടാന തെരച്ചിലുമായി വണ്ടിയുടെ ചുറ്റും നടക്കാൻ തുടങ്ങിയെങ്കിലും വാഹനം മറിച്ചിടുകയോ മറ്റു കേടുപാടുകൾ വരുത്തുകയോ ചെയ്തില്ല.
കാട്ടാന വാഹനം തകർക്കുമെന്ന പേടിയിൽ പടയപ്പയോട് ആക്രമിക്കരുതെന്ന് കേണപേക്ഷിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരുമണിക്കൂറോളം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് സ്വമേധയാ തേയിലത്തോട്ടത്തിലൂടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭക്ഷണമന്വേഷിച്ച് പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് ഇപ്പോൾ ഈ മേഖലയിൽ ഏറെ ഭീതിയുയർത്തുന്നുണ്ട്. കുറച്ചു ദിവസം വനത്തിലുളളിലായിരുന്ന പടയപ്പ കഴിഞ്ഞ ദിവസമാണ് വീണ്ടും തിരികെ മൂന്നാറിലെത്തിയത്. കഴിഞ്ഞയാഴ്ച മൂന്നാറിൽ പലചരക്ക് കടക്ക് നേരെ ഒറ്റയാൻ പടയപ്പയുടെ ആക്രമണം ഉണ്ടായിരുന്നു.