ഹൈദരാബാദ്-റെയില്‍വെ സ്‌റ്റേഷനില്‍ 11 മുസ്ലിം പെണ്‍കുട്ടികളെ കാരണമില്ലാതെ അറസ്റ്റ് ചെയ്തുവെന്ന് റെയില്‍വേ പോലീസിനും റെയല്‍വെ പ്രൊട്ടക് ഷന്‍ ഫോഴ്‌സിനുമെതിരെ ആരോപണം.
ഹാഫിസ് ബാബ നഗര്‍, സന്തോഷ് നഗര്‍, ചന്ദ്രയാന്‍ഗുട്ട എന്നിവിടങ്ങളിലെ പെണ്‍കുട്ടികളെയാണ് സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തതെന്ന് മജ്‌ലിസ് ബച്ചാവോ തഹരിക് (എം.ബി.ടി) വക്താവ് അംജദുല്ലാ ഖാന്‍ പറഞ്ഞു.
ഖമ്മം ജില്ലയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുടുംബത്തിലെ 25 അംഗങ്ങള്‍ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു.
സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഉടന്‍ റെയില്‍വെ പോലീസിനും ആര്‍.പി.എഫിനും പുറമെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂനിറ്റ് ഉദ്യോഗസ്ഥരും വളയുകയായിരുന്നു.
ആവശ്യമായ ട്രെയിന്‍ ടിക്കറ്റും ആധാര്‍ കാര്‍ഡുകളും കാണിച്ച് സഹകരിക്കാത്തതിനാലാണ് പെണ്‍കുട്ടികളെ അംബര്‍പേട്ടിലെ ജുവനൈല്‍ വെല്‍ഫെയര്‍ ആന്റ് കറക്ഷണല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പെണ്‍കുട്ടികളുടെ മോചനത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ച അംജദുല്ലാ ഖാന്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പു നല്‍കി.
ആവശ്യമായ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചതായി അംജദുല്ലാ ഖാന്റെ ട്വീറ്റിനുള്ള മറുപടിയില്‍ സെക്കന്തരാബാദ് ആര്‍.പി.എഫ് യൂനിറ്റ് അറിയിച്ചു.