ഇംഫാൽ- മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഖമെൻലോക് മേഖലയിൽ രാത്രി വൈകിയുണ്ടായ വെടിവയ്പ്പിലാണ് മരണം സംഭവിച്ചതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ പലരെയും ചികിത്സയ്ക്കായി ഇംഫാലിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമത്തിൽ കൊല്ലപ്പെട്ടവരിൽ ചിലരുടെ ശരീരത്തിൽ മുറിവുകളും ഒന്നിലധികം വെടിയുണ്ടകളുമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
മെയ്‌തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷത്തെത്തുടർന്ന് ഒരു മാസത്തിലേറെയായി സംഘർഷഭരിതമായ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് വീണ്ടും അക്രമം അരങ്ങേറിയത്. സംഭവം നടന്ന ഖമെൻലോക് സ്ഥിതി ചെയ്യുന്നത് കാങ്പോക്പി, ഇംഫാൽ കിഴക്കൻ ജില്ലകളുടെ അതിർത്തിക്കടുത്താണ്. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശം സംഘർഷഭരിതമാണ്.
വംശീയ സംഘട്ടനങ്ങൾ കാരണം നൂറോളം ജീവനുകൾ നഷ്ടമാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഭൂരിഭാഗം ജനവിഭാഗങ്ങൾക്ക് പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ആദിവാസി സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്.