മക്ക - ജൂമൂമിൽ രണ്ടംഗ സംഘം അഗ്നിക്കിരയാക്കിയ കാറിനു പകരം സൗദി യുവതി സൽമ അൽബറകാത്തി പുതിയ കാർ കൈപ്പറ്റി. മക്ക നഗര സമിതി വൈസ് പ്രസിഡന്റ് ഫഹദ് അൽറൂഖിയാണ് സൽമക്ക് ഏറ്റവും പുതിയ മോഡൽ കാർ സമ്മാനിച്ചത്. മക്കയിലെ കാർ ഷോറൂമിൽ വെച്ചാണ് പുതിയ കാറിന്റെ താക്കോൽ സൽമ കൈപ്പറ്റിയത്. സൽമക്കൊപ്പം വൃദ്ധനായ പിതാവുമുണ്ടായിരുന്നു. കാറിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നടപടികൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും.
അതേസമയം, പുതിയ കാർ വാങ്ങുന്നതിനുള്ള പണം സ്വീകരിച്ച് കേസ് ഒഴിവാക്കണമെന്ന പ്രതികളുടെ ബന്ധുക്കളുടെ അപേക്ഷ സൽമ നിരസിച്ചു. പുതിയ കാർ വാങ്ങുന്നതിനുള്ള പണമോ ആവശ്യപ്പെടുന്ന ഏതു തുകയോ കൈമാറുന്നതിന് പ്രതികളുടെ ബന്ധുക്കൾ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പ്രതികൾക്ക് മാപ്പ് നൽകുന്നതിന് സൽമ അൽബറകാത്തി വിസമ്മതിക്കുകയായിരുന്നു. പ്രതികളുടെ പ്രായക്കുറവും വിവരദോഷവും ചൂണ്ടിക്കാട്ടിയാണ് അനുരഞ്ജനത്തിലൂടെ കേസ് അവസാനിപ്പിക്കുന്നതിനുള്ള ഒത്തുതീർപ്പുകൾക്ക് ബന്ധുക്കൾ മുന്നോട്ടുവന്നത്. എന്നാൽ നിയമാനുസൃതം വിചാരണ ചെയ്ത് പ്രതികളെ ശിക്ഷിക്കണമെന്ന നിലപാടിൽ സൽമ ഉറച്ചുനിൽക്കുകയാണ്.
യുവതിയുടെ കാർ അഗ്നിക്കിരയാക്കിയ കേസിൽ പ്രദേശവാസികളായ രണ്ടു യുവാക്കളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ സമീപത്തെ പെട്രോൾ ബങ്കിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങുകയും രണ്ടാമന്റെ സഹായത്തോടെ പെട്രോൾ ഒഴിച്ച് കാർ അഗ്നിക്കിരയാക്കുകയുമായിരുന്നു.
ജുമൂമിലെ അൽസ്വമദ് ഗ്രാമത്തിലെ വീടിനു മുന്നിൽ നിർത്തിയിട്ട സൽമ അൽബറകാത്തിയുടെ കാർ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് പ്രതികൾ അഗ്നിക്കിരയാക്കിയത്. വനിതകൾ കാറോടിക്കുന്നതിനെ എതിർക്കുന്നവരാണ് ഇരുവരും.