Sorry, you need to enable JavaScript to visit this website.

വിദ്യ എവിടെ? ഉത്തരം കിട്ടാതെ പോലീസ്, അറസ്റ്റ് മന:പൂര്‍വ്വം വൈകിപ്പിക്കുന്നതായി ആക്ഷേപം

പാലക്കാട് - - മഹാരാജാസ് കേളേജിന്റെ വ്യാജരേഖയുണ്ടാക്കി അട്ടപ്പാടി ഗവ.കോളേജില്‍ അധ്യാപികയായി ജോലിക്ക് കയറാന്‍ ശ്രമിച്ച കേസില്‍ എസ് എഫ് ഐ മുന്‍ നേതാവ് കെ വിദ്യയെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒന്‍പ്ത് ദിവസം കഴിഞ്ഞെങ്കിലും അവര്‍ എവിടെയെന്ന് കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ല്. അതേസമയം വിദ്യ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ രാഷ്ട്രീയ സ്വാധീനത്തെ തുടര്‍ന്ന് ഇവരുടെ അറസ്റ്റ് പോലീസ് മന:പൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വിദ്യയുടെ രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാണ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ വിദ്യയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ അട്ടപ്പാടി ഗവണ്‍മെന്റ് കോളജിലെ പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ലാലി വര്‍ഗീസിന്റെയും അഭിമുഖം നടത്തിയ പാനലിലെ അംഗങ്ങളുടെയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചു. ഇതിനായി പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലേക്ക്
പോലീസ് തപാലില്‍ അപേക്ഷ അയച്ചു. പ്രിന്‍സിപ്പലും വിദ്യയും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളും പരിശോധിക്കും. ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്‌തെന്ന് ആദ്യം പറഞ്ഞ പ്രിന്‍സിപ്പല്‍ പിന്നീട് ശബ്ദരേഖ കയ്യില്‍ ഇല്ലെന്ന് പറഞ്ഞതായി പോലീസ് അറിയിച്ചു. എന്നാല്‍ ശബ്ദരേഖയെക്കുറിച്ചു പോലീസ് തന്നോട് ചോദിച്ചിട്ടില്ലെന്നാണ് ലാലി വര്‍ഗീസ് പറയുന്നത്. മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. അഭിമുഖത്തിന് എത്തിയ വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നി മാര്‍ച്ച് 2നു തന്നെ പ്രിന്‍സിപ്പല്‍ വിദ്യയെ ഫോണില്‍ വിളിച്ച് സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നു ചോദിച്ചിരുന്നു. അല്ലെന്നായിരുന്നു വിദ്യ മറുപടി നല്‍കിയത്. വ്യാജ രേഖ ഉപയോഗിച്ച് കാസര്‍കോട്ടെ കരിന്തളം കോളജില്‍ ഗസ്റ്റ് ലക്ച്വറായി ജോലി ചെയ്തിരുന്നു.

 

Latest News