ചെന്നൈ - കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് വൈദ്യുതി മന്ത്രിയും ഡി എം കെ നേതാവുമായ വി സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തു. ഇന്നലെ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിന് ശേഷം ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ സെന്തില്‍ ബാലാജിക്ക് ബോധം ഉണ്ടായിരുന്നില്ലെന്നും അറസ്റ്റിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും ആരോപിച്ച് ഡി എം കെയുടെ രാജ്യസഭാ അംഗം എന്‍ ആര്‍ ഇളങ്കോ രംഗത്തെത്തി. കേന്ദ്രം ഭീഷണി രാഷ്ട്രീയം നടപ്പാക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ഇ ഡി റെയ്ഡ് പോലുള്ള പിന്‍വാതില്‍ തന്ത്രങ്ങളിലൂടെയുള്ള ഭീഷണി വിലപ്പോവില്ലെന്നും എം കെ സ്റ്റാലിന്‍ പ്രസ്താവിച്ചു. സെന്തില്‍ ബാലാജി നിലവില്‍ ചികിത്സയിലാണ്. ഇ ഡിയുടെ നീക്കത്തെ നിയമപരമായി നേരിടുമെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണി രാഷ്ട്രീയത്തെ ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.