കാസർഗോഡ് - പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ച കേസിൽ കാസർഗോഡ് മുളിയാറിലെ മുസ്‌ലിം ലീഗ് നേതാവ് പൊവ്വലിലെ എസ്.എം മുഹമ്മദ് കുഞ്ഞി(58) അറസ്റ്റിൽ. മുളിയാർ പഞ്ചായത്ത് അംഗമായ മുഹമ്മദ് കുഞ്ഞിക്കെതിരെ മെയ് 21നാണ് ആദൂർ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ പൊവ്വൽ സ്വദേശി തെയിഷീറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വീടിന് സമീപത്ത് പ്രവർത്തിക്കുന്ന ക്വാറിയുടെ ഭാഗമായുള്ള ഓഫീസിനകത്ത് വെച്ച് ലഹരി മരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് 16-കാരന്റെ മൊഴി. മുഹമ്മദ് കുഞ്ഞിക്ക് പുറമെ മറ്റൊരാൾ കൂടി പീഡിപ്പിച്ചതായും മൊഴിയിലുണ്ട്. പീഡന വിവരം ബന്ധുക്കളോടാണ് കുട്ടി ആദ്യമായി പറഞ്ഞത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നല്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. കേസിൽ ജാമ്യം തേടി മുഹമ്മദ് കുഞ്ഞി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പോലീസിൽ കീഴടങ്ങാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥനായ ആദൂർ സി.ഐ എ അനിൽകുമാറിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു.