മിയാമി- അമേരിക്കൻ ഗവൺമെന്റ് രഹസ്യങ്ങൾ തെറ്റായി കൈകാര്യം ചെയ്ത കേസുമായി ബന്ധപ്പെട്ട അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് രാത്രി കോടതിയിൽ ഹാജരാകും. മിയാമിയിലെ തന്റെ ഗോൾഫ് കോഴ്സിൽ നിന്ന് നഗരത്തിലെ ഫെഡറൽ കോടതിയിലേക്ക് ട്രംപ് എത്തുമെന്നാണ് കരുതുന്നത്. രഹസ്യരേഖകൾ നിയമവിരുദ്ധമായി കൈവശം വച്ചതിനും അവ തിരികെ ലഭിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തിയതും അടക്കമുള്ള കേസുകളിൽ 37 എണ്ണം മുൻ പ്രസിഡന്റ് നിഷേധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയിട്ടുണ്ട്. ശക്തമായ പ്രതിഷേധങ്ങളും അക്രമസാധ്യതകളും മുന്നിൽ കണ്ട് ശക്തമായ മുന്നൊരുക്കം പോലീസ് നടത്തിയിട്ടുണ്ട്.
ഇങ്ങിനെയൊരു വേട്ട അമേരിക്കയുടെ ചരിത്രത്തിൽ ഒരിക്കലുമുണ്ടായിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. ബുധനാഴ്ച 77 വയസ്സ് തികയുന്ന ട്രംപ്, 2021-ൽ അമേരിക്കയുടെ പ്രസിഡന്റ് പദവി ഒഴിയുന്ന വേളയിൽഫ്‌ലോറിഡയിലെ ബീച്ച് ഫ്രണ്ട് മാൻഷനിലേക്ക് നിയമവിരുദ്ധമായി എടുത്ത ഡസൻ കണക്കിന് സർക്കാർ രഹസ്യങ്ങൾ മനഃപൂർവ്വം പൂഴ്ത്തിയെന്നും അവ തിരികെ നൽകാൻ വിസമ്മതിക്കുകയും അവ വീണ്ടെടുക്കാൻ ശ്രമിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നുമാണ് കേസ്.
സെക്യൂരിറ്റി ക്ലിയറൻസ് ഇല്ലാത്ത ആളുകളുമായി തന്ത്രപ്രധാനമായ യുഎസ് രഹസ്യങ്ങൾ പങ്കുവെച്ചതിനും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ദശാബ്ദങ്ങൾ നീണ്ട ജയിൽ ശിക്ഷ അനുഭവിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിന്റെ മേൽ ചുമത്തിയത്.