ന്യൂദല്‍ഹി- വിവാഹ മോചിതരായ സ്ത്രീകളുടെ മക്കളും അവിവാഹിതരായ സ്ത്രീകള്‍ ദത്തെടുത്ത കുട്ടികളും പാന്‍ കാര്‍ഡ് അപേക്ഷ നല്‍കുമ്പോള്‍ അച്ഛന്റെ പേര് ചേര്‍ക്കണമന്ന നിബന്ധന മാറ്റണമെന്ന്് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ടു മേനക ഗാന്ധി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതി. നിലവില്‍ പാന്‍കാര്‍ഡിന് അപേക്ഷ നല്‍കുന്ന രീതിയില്‍ സമൂല മാറ്റം വരുത്തണമെന്നാണ് മേനകയുടെ ആവശ്യം.
വിവാഹ മോചനം നേടി കുട്ടികളുമായി ജീവിക്കുന്ന സ്ത്രീകളില്‍ പലര്‍ക്കും പല സന്ദര്‍ഭങ്ങളിലും തങ്ങളുടെ മുന്‍ ഭര്‍ത്താക്കന്‍മാരുടെ പേരുകള്‍ ഉപയോഗിക്കുന്നതില്‍ താല്‍പര്യമുണ്ടാകില്ല. എന്നാല്‍, പാന്‍ കാര്‍ഡ് ഉള്‍െപ്പടെയുള്ള വിവിധ സര്‍ക്കാര്‍ രേഖകള്‍ പൂരിപ്പിക്കുമ്പോള്‍ മുന്‍ ഭര്‍ത്താവിന്റെ പേര് നിര്‍ബന്ധിതമായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇതിന് മാറ്റമുണ്ടാകണമെന്നാണ് മേനക ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ പാന്‍കാര്‍ഡിനുള്ള അപേക്ഷ നല്‍കുമ്പോള്‍ പിതാവിന്റെ പേര് നിര്‍ബന്ധമായും ചേര്‍ക്കണം. വിവാഹ മോചനം നേടിയ സ്ത്രീകളും അവരുടെ കുട്ടികളും അപേക്ഷ നല്‍കുമ്പോള്‍ നിലവിലെ മാനദണ്ഡം അനുസരിച്ച് മുന്‍ ഭര്‍ത്താവിന്റെ പേര് നല്‍കേണ്ടി വരുന്നു. അതിനു പുറമെ അവിവാഹിതരായി ജീവിക്കുന്ന അമ്മമാര്‍ കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്നതിനെയും തന്റെ മന്ത്രാലയം വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ദത്തെടുത്ത കുട്ടികളുടെ അച്ഛന്റെ പേരും പാന്‍കാര്‍ഡില്‍ ചേര്‍ക്കാന്‍ സാധ്യമല്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പാന്‍കാര്‍ഡിനുള്ള അപേക്ഷയില്‍ മാറ്റം വരുത്തണമെന്നാണ് മന്ത്രിയുടെ ആവശ്യം.
മുമ്പ് വിവാഹ മോചിതരായ അമ്മമാര്‍ കുട്ടികളുടെ പാസ്പാര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ അച്ഛന്റെ ഒപ്പ് നിര്‍ബന്ധമായിരുന്നു. 2016 മുതല്‍ ഈ നിബന്ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. ഇപ്പോള്‍ കുട്ടികളുടെ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ഒന്നുകില്‍ അച്ഛന്റെയോ അല്ലെങ്കില്‍ അമ്മയുടെയോ വിവരങ്ങള്‍ മാത്രം മതി. ദല്‍ഹി സ്വദേശിയായ പ്രിയങ്ക ഗുപ്ത എന്ന യുവതി തുടങ്ങി വെച്ച പ്രചാരണത്തിന് പിന്നാലെ പാസ്‌പോര്‍ട്ട് നിബന്ധനയില്‍ ഇളവ് വരുത്താനും മുന്‍കൈ എടുത്തത് മേനക ഗാന്ധി തന്നെയാണ്.