ന്യൂദല്‍ഹി- ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരായ കേസിനെ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു. ഉത്തര്‍പ്രദേശിലെ അമേഠി സന്ദര്‍ശന വേളയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തേയും എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു.
മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ കേസ് എത്രയും വേഗം പിന്‍വലിക്കമമെന്ന് ആവശ്യപ്പെട്ട എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ മാധ്യമ സ്ഥാപനങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തിരിയണമെന്നും പ്രസ്താവനയില്‍ ആവശ്യം ഉന്നയിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ധര്‍മ്മമാണ് ചോദ്യം ചോദിക്കുന്നതെന്നു പറഞ്ഞ എഡിറ്റേഴ്‌സ് ഗില്‍ഡ് മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ ഉപയോഗിച്ചും നേരിടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. മാധ്യമ സ്ഥാപനങ്ങള്‍ക്ക് തങ്ങളോടൊപ്പം ജോലി ചെയ്യുന്ന പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറയുന്നു.