Sorry, you need to enable JavaScript to visit this website.

ലണ്ടനില്‍ 18 കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് എട്ട് വര്‍ഷം ജയില്‍

ലണ്ടന്‍- നിശാ ക്ലബില്‍ കൂട്ടുകാരോടൊപ്പം മദ്യപിച്ച ശേഷം 18 കാരിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ വംശജനായ ഫിനാന്‍സ് കണ്‍സള്‍ട്ടന്റിന് ബ്രിട്ടനില്‍ എട്ട് വര്‍ഷം ജയില്‍ ശിക്ഷ. വിവാഹിതനായ 28 കാരന്‍ സഞ്ജയ് നേക്കര്‍ക്കാണ് ലണ്ടന്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. യുവതിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല.
അവള്‍ക്ക് നിങ്ങളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്ന് ധരിച്ചുവെങ്കില്‍ അതു തീര്‍ത്തും തെറ്റിദ്ധാരണയായിരുന്നുവെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി ഫ്രേയ ന്യുബെറി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പോലും ഓര്‍മയില്ലാത്ത നിലയിലായിരുന്നു യുവതിയെന്നും പീഡിപ്പിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചതാണെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.
മദ്യപിച്ചതിനാല്‍ ക്ലബില്‍ പ്രവേശിപ്പിക്കാതിരുന്ന യുവതിയെ 28 കാരനായ പ്രതി തോളിലേറ്റി ദൂരെ ഇടവഴിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 നായിരുന്നു സംഭവം. ലണ്ടന്‍ ബ്രിഡ്ജ് എരിയയിലെ ക്ലബിലെത്തിയ യുവതിയോടു നിശാ ക്ലബ് അധികൃതര്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ബാറിനു പുറത്തുണ്ടായിരുന്ന നേക്കാര്‍ ഇതുകണ്ട് സമീപിക്കുകയായിരുന്നു. ഇയാള്‍ യുവതിയെ തോളത്തേറ്റി കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചിരുന്നു.
സംഭവം നടന്ന് അടുത്ത ദിവസമാണ് നേക്കറെ അറസ്റ്റ് ചെയ്തത്. ലൈംഗിക ബന്ധത്തിന് യുവതി തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതെങ്കിലും കഴിഞ്ഞ നവംബറില്‍ ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. യുവതി മദ്യപിച്ചിട്ടില്ലെന്നും ഉഭയകക്ഷി സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധമാണന്നുമാണ് യുവാവ് വാദിച്ചത്.
അമിതമായി മദ്യപിച്ച യുവതി അബോധാവസ്ഥയിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മെട്രോപോളിറ്റന്‍ പോലീസ് കേസ് തെളിയിച്ചത്.

 

 

Latest News