ജിദ്ദ- നാടുവിട്ട് മറുനാട്ടിലെത്തിയ പ്രവാസികള്‍ സമ്പാദ്യ,നിക്ഷേപ ശീലം മറക്കരുതെന്ന് ആവര്‍ത്തിച്ച് ഉണര്‍ത്തുന്ന മോട്ടിവേഷണല്‍ സ്പീക്കറാണ് എറണാകുളം കാലടി സ്വദേശിയായ ഫസ്‌ലിന്‍ അബ്ദുല്‍ ഖാദര്‍. സൗദിയിലെ മലയാളികളുടെ വിവിധ കൂട്ടായ്മകള്‍ തങ്ങളുടെ അംഗങ്ങളെ ബോധവല്‍കരിക്കാന്‍ ഫസ്‌ലിന്റെ സഹായമാണ് തേടുന്നത്.
ജിദ്ദയിലെ പ്രശസ്ത കമ്പനിയില്‍ പ്ലാനിംഗ് മാനേജറായി ജോലി നോക്കുന്ന ഇദ്ദേഹം തിരക്കുകള്‍ക്കിടയിലും ഇത്തരം ക്ലാസുകള്‍ നിര്‍വഹിക്കുന്നു. മാത്രമല്ല, പ്രവാസികള്‍ക്ക് സഹായകമാകുന്ന സമ്പാദ്യ, നിക്ഷേപ ടിപ്പുകള്‍ നല്‍കാന്‍ യുട്യൂബ് ചാനല്‍, വാട്‌സ്ആപ്പ് എന്നിവയിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും ശ്രമിക്കുകയും ചെയ്യുന്നു.
പ്രവാസികള്‍ ഫിനാന്‍ഷ്യല്‍ ഫ്രീഡത്തിലേക്ക് എത്തിച്ചേരണമെന്നാണ് ഫസ്‌ലിന്‍ ആഹ്വാനം ചെയ്യുന്നത്. പ്രവാസ ലോകത്തെ പതിറ്റാണ്ടുകള്‍ നീണ്ട ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ അത് ശൂന്യതയിലേക്ക് ആയിക്കൂടാ. ജോലി നിര്‍ത്തിയാലും വരുമാനം വന്നുകൊണ്ടിരിക്കണം. ഫിനാന്‍ഷ്യല്‍ ഫ്രീഡം എന്നതിലൂടെ വിശാലമായ കാഴ്ചപ്പാടാണ് ഇദ്ദേഹം പ്രവാസികള്‍ക്ക് മുന്നില്‍ വരച്ചു കാണിക്കുന്നത്.
സമ്പാദ്യശീലത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം നിക്ഷേപക്കെണി ഒരുക്കി നാട്ടില്‍നിന്ന് വലിയ ലാഭ വാഗ്ദാനവുമായി എത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഫസ്‌ലിന്‍ ഉണര്‍ത്തുന്നു.
അപകട സാധ്യതകളുണ്ടെങ്കില്‍ പോലും വലിയ ലാഭം മോഹിക്കാതെ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് അധിക വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഫസ്‌ലിന്‍ പറയുന്നു. സൗദി അറേബ്യന്‍ ഓഹരി വിപണയില്‍ ഇപ്പോള്‍ ധാരാളം മലയാളികള്‍ നിക്ഷേപിക്കുന്നുണ്ട്. ഐ.പി.ഒ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലൂടെ ട്രേഡിംഗ് അക്കൗണ്ട് നേടാനും അതുവഴി ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും ഇപ്പോള്‍ എളുപ്പത്തില്‍ സാധ്യമാണ്. കമ്പനികളെ കുറിച്ച് പഠിച്ച ശേഷം മാത്രമേ നിക്ഷേപിക്കാവൂ എന്നാണ് ഇന്ത്യയിലേയും സൗദിയിലേയും വിപണി നിരീക്ഷിച്ചുകൊണ്ട് ഫസ്‌ലിന്‍ നല്‍കുന്ന നിര്‍ദേശം.
ഓഹരി വിപണയില്‍ നേടിയെടുത്ത അനുഭവ പരിചയവും വിജ്ഞാനവും മറ്റുള്ളവരില്‍ കൂടി എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തികച്ചും സൗജന്യമായി ഈ രംഗത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഫസ്‌ലിന്‍ പറഞ്ഞു.
ഓഹരി വിപണി അവലോകനം ചെയ്തു കൊണ്ട് ഓരോ ആഴ്ചയും യുട്യൂബ് വഴിയും മറ്റു ചാനലുകള്‍ വഴിയും ഫസ്‌ലിന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പ്രവാസികള്‍ക്ക് വലിയ തോതില്‍ പ്രയോജനം ചെയ്യുന്നുണ്ട്. സംശയ നിവാരണത്തിന് ഫസ് ലിനുമായി ഈ നമ്പറില്‍ ബന്ധപ്പെടാം.00966556531543