പാക്കിസ്ഥാനില്‍ ജൂലൈ 25ന് നടക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ സിന്ധ് പ്രവിശ്യയില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് സുനിത പാര്‍മാറെന്ന ഹിന്ദു വനിത ചരിത്രമെഴുതി. ഇതാദ്യമായാണ് പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായ അംഗമായ വനിത മത്സരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹിന്ദു ജനസംഖ്യയുള്ള താര്‍പാര്‍ക്കര്‍ ജില്ലയിലെ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുനിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കാലാകാലങ്ങളായി ജനപ്രതിനിധികള്‍ നല്‍കി വന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോയതാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സുനിത പ്രതികരിച്ചു. ഈ മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ല. മതിയായ ആരോഗ്യ സംവിധാനവും വനിതകള്‍ക്ക് വിദ്യാഭ്യാസ സൗകര്യവും 21ആം നൂറ്റാണ്ടിലും ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ അബലകളും അശക്തരുമായി സ്ത്രീകള്‍ ജീവിച്ചിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്ന് ഉറപ്പുണ്ട്. താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മണ്ഡലത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിത നിലവാരം ഉയര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുമെന്നും സുനിത കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചില്‍ കൃഷ്ണ കുമാരി കോല്‍ഹിയെന്ന ദളിത് ഹിന്ദു യുവതിയെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സെനറ്റര്‍ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തിരുന്നു. ഇതാദ്യമായാണ് ഈ സ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നത്.