റിയാദ്- അറബ് തീന്‍ മേശകളില്‍ മുഖ്യ ഭക്ഷ്യവസ്തുക്കളിലൊന്നായ ഫലാഫിലിന്റെ ഉറവിടം തേടി സാമൂഹിക മാധ്യമങ്ങളില്‍ ചുടേറിയ ചര്‍ച്ച. ഇന്നലെ അന്താരാഷ്ട്ര ഫലാഫില്‍ ദിനമായി ആചരിച്ചതോടെ ഫലാഫിലിന്റെ ഉത്ഭവം വിവിധ രാജ്യക്കാര്‍ ഏറ്റെടുത്തതാണ് ചൂടേറിയ ചര്‍ച്ചക്ക് നിദാനമായത്.
കടലയരച്ചാണ് സിറിയക്കാര്‍ ഫലാഫില്‍ ഉണ്ടാക്കുക. എന്നാല്‍ വലിയ പയര്‍ അരച്ച് ഈജിപ്തുകാര്‍ ഫലാഫില്‍ ഉണ്ടാക്കുമെങ്കിലും അവരതിന് തഅ്മിയ എന്നാണ് പറയുക. ഈ ഭക്ഷണത്തിന്റെ ചരിത്രത്തെ കുറിച്ചും അതിന്റെ വേരുകളെ കുറിച്ചും അഭിപ്രായ വ്യത്യാസമുണ്ട്.
ഫലാഫിലിന്റെ ഉത്ഭവം ഈജിപ്തില്‍ നിന്നാണെന്നാണ് പ്രബല അഭിപ്രായം. ആയിരം വര്‍ഷം മുമ്പ് കോപ്റ്റിക് ക്രിസ്ത്യാനികളാണ് ഈ ഭക്ഷ്യവസ്തുവിനെ ആദ്യമായി പരിചയപ്പെടുത്തിയത്. എന്നാല്‍ ഫറോവ കാലഘട്ടത്തില്‍ തന്നെ ഈജിപ്തില്‍ ഈ ഭക്ഷ്യവസ്തുവുണ്ടെന്നാണ് ചിലരുടെ വാദം. ഫലാഫില്‍ മധ്യകാലഘട്ടത്തില്‍ സിറിയയിലാണ് ഉല്‍ഭവിച്ചതെന്നും അതല്ല ഫലസ്തീനിലാണ് ഉത്ഭവിച്ചതെന്നും മറു വാദവുമുണ്ട്. പിന്നീട് അറബ് ലോകത്ത് വ്യാപകമാവുകയായിരുന്നു.
ഇതൊക്കെയാണെങ്കിലും ഫറവോന്‍ ഗ്രന്ഥങ്ങളില്‍ ഫലാഫിലിനെ കുറിച്ച് പരാമര്‍ശങ്ങളൊന്നുമില്ല. അതുപോലെ തന്നെ കോപ്റ്റിക് ക്രിസ്ത്യാനികള്‍ നോമ്പുകാലത്ത് മാംസരഹിത ഭക്ഷണമായി ഫലാഫില്‍ കണ്ടുപിടിച്ചതായും തെളിവുകളില്ല. മാത്രല്ല ഫലാഫില്‍ കോപ്റ്റിക് പദവുമല്ല.
1882 ലെ ബ്രിട്ടീഷ് അധിനിവേശത്തിന് ശേഷമാണ് അറബ് സാഹിത്യങ്ങളില്‍ ഫലാഫല്‍ പ്രതിപാദിക്കപ്പെട്ടുതുടങ്ങിയതെന്ന് ഹിസ്റ്ററി ടുഡേ വെബ്‌സൈറ്റ് പറയുന്നു. 2018 ല്‍ ലണ്ടനില്‍ നടന്ന അന്താരാഷ്ട്ര ഫലാഫില്‍ ഫെസ്റ്റിവലില്‍ ഈ വിവാദം അവസാനിപ്പിക്കുകയും ഫലാഫിലിന്റെ ഉത്ഭവം ഈജിപ്ത് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ലണ്ടന്‍ ഫലാഫില്‍ ഫെസ്റ്റിവല്‍ ഉദ്ഘടനത്തിന് ഗ്ലോബല്‍ പള്‍സ് ഫെഡറേഷന്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു. ഫെഡറേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈജിപ്തുകാരാണ് ഫലാഫിലിന്റെ രാജാക്കന്‍മാര്‍.
ഗ്രീസ്, അമേരിക്ക, സുഡാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ ഈ മിഡില്‍ ഈസ്റ്റ് ഭക്ഷ്യവിഭവത്തിന് ആവശ്യക്കാരേറെയാണ്. സസ്യാഹാരികള്‍ ഫലാഫിലിനെ മാംസം കഴിക്കുന്നതിനുള്ള ബദലായി കണക്കാക്കുന്നുണ്ട്. ഇരുമ്പും പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് വെജിറ്റേറിയന്‍ ബര്‍ഗറായി നിരവധി അന്താരാഷ്ട്ര റെസ്റ്റോറന്റുകളില്‍ വിളമ്പിവരുന്നു.