തിരുവനന്തപുരം- സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർക്ക് എതിരെ മലയാള മനോരമ മുഖപ്രസംഗം എഴുതിയാൽ പാർട്ടി നശിച്ചുപോകുമെന്ന് വിചാരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. ഗോവിന്ദൻ മാസ്റ്റർക്കെതിരായ മലയാള മനോരമയുടെ എഡിറ്റോറിയൽ മാധ്യമ മര്യാദയുടെ ലംഘനമാണെന്നും ശിവൻ കുട്ടി വ്യക്തമാക്കി.
മനോരമ മുഖപ്രസംഗം എഴുതിയാൽ നശിച്ചു പോകുന്ന പ്രസ്ഥാനം ആണ് സി.പി.എം എങ്കിൽ ഈ പ്രസ്ഥാനം ഇന്ന് ഈ ഭൂമുഖത്ത് തന്നെ ഉണ്ടാകുമായിരുന്നില്ല. എം.വി ഗോവിന്ദൻ മാസ്റ്റർ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്. കേരളത്തിൽ ഏറ്റവും വലിയ ജനപിന്തുണയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. ആ സി.പി.എമ്മിനെ എഴുതിത്തുലയ്ക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രമാകും.നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നാണ് ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കിയത്. അതിനെ വളച്ചൊടിച്ചത് മാധ്യമങ്ങൾ ആണ്. ഗോവിന്ദൻ മാസ്റ്റർ ഇക്കാര്യം മാധ്യമങ്ങളോട് പറയുമ്പോൾ ഞാനും ഒപ്പം ഉണ്ടായിരുന്നു. ഒരു നുണ റിപ്പോർട്ട് ചെയ്യുക, അതിന്മേൽ ചർച്ച നടത്തുക, പിന്നീട് മുഖപ്രസംഗം എഴുതുക ഇതാണ് രീതി. ഈ രീതി പണ്ട് പയറ്റിയവർ ഇന്ന് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.