മുംബൈ - മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാലുപേർ വെന്തുമരിച്ചു. മുംബൈ-പൂനെ എക്‌സ്പ്രസ് വേയിൽ ലോണാവാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ചൊവ്വ ഉച്ചയോടെ ഒരു പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ അപകടത്തിൽ പെടുകയായിരുന്നു. ടാങ്കറിൽ നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടാങ്കറിന്റെ ഡ്രൈവറും സഹായിയും റോഡിലൂടെ സ്‌കൂട്ടറിൽ പോവുകയായിരുന്ന രണ്ടുപേരും അടക്കം നാല് പേരാണ് വെന്തുമരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പോലീസും ഫയർ ഫോഴ്‌സും പറഞ്ഞു.