കൊച്ചി- താൻ പ്രതിയായ തട്ടിപ്പുകേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും കേസ് ശരിയായി അന്വേഷിച്ചാൽ ഡി.ഐ.ജി വരെ അകത്താകുമെന്നും മോൻസൻ മാവുങ്കൽ. എല്ലാ വിവരങ്ങളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നൽകിയെന്നും മോൻസൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ വരുന്നതിനിടെയായിരുന്നു മോൻസന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പി.എസിന് വരെ തട്ടിപ്പിൽ പങ്കുണ്ടെന്നും മോൻസൻ പറഞ്ഞു.
ജീവനക്കാരിയുടെ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ റജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പോക്‌സോ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.
അതേസമയം, മോൻസൻ മാവുങ്കലിന്റെ തട്ടിപ്പു കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നാളെ ചോദ്യം ചെയ്യലിന് വിധേയമാകാൻ ക്രൈം ബ്രാഞ്ചിന് മുന്നിൽ എത്തില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ വിശദീകരണം. കേസിൽപെട്ടത് എങ്ങനെയാണെന്നു പഠിക്കുകയാണെന്ന് ആലുവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു. പരാതിക്കാരുമായി ബന്ധമില്ല, നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. സാവകാശം തന്നില്ലെങ്കിൽ നിയമപരമായി നേരിടും. നിയമനടപടികൾ അഭിഭാഷകരുമായി ആലോചിക്കുകയാണ്. കേസിലെ പരാതിക്കാരെ അറിയില്ല. എന്നെയും സതീശനെയും കേസിൽ കുരുക്കാമെന്ന വ്യാമോഹിക്കുന്ന പിണറായി മൂഡസ്വർഗത്തിലാണ്. മോൻസനെ കാണുമ്പോൾ മൂന്നു പേർ അവിടെയുണ്ടായിരുന്നു. അവർ ആരാണെന്ന് അറിയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കൺതടത്തിലെ കറുപ്പ് നിറം മാറുന്നതിനുള്ള ചികിത്സക്കായാണ് അവിടെക്ക് പോയത്. അയാൾ വ്യാജനാണ് എന്ന് അറിയില്ലായിരുന്നു. പിന്നീട് അയാൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അയാളുടെ അപേക്ഷ പരിഗണിച്ച് ഒഴിവാക്കുകയായിരുന്നു. ഞങ്ങൾ സംസാരിക്കുമ്പോൾ സോഫയിൽ മാറിനിന്ന് മൂന്നു പേരുണ്ടായിരുന്നു. അവർ ആരാണ് എന്ന കാര്യം അറിയില്ല. മോൻസൺ എവിടെയും തന്റെ പേര് പറഞ്ഞിട്ടില്ല. വെള്ളിയാഴ്ചയാണ് ക്രൈം ബ്രാഞ്ചിൽനിന്ന് നോട്ടീസ് ലഭിച്ചതെന്നും സുധാകരൻ പറഞ്ഞു. മൂഢസ്വർഗത്തിലെ കൂപമണ്ഡൂകമാണ് പിണറായി വിജയൻ. കാലം കരുതിവെച്ചത് പിണറായിയെ കാത്തിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.