ഇടുക്കി- ജനവാസ മേഖലയിലിറങ്ങി കാട്ടാനക്കൂട്ടം കൃഷിയിടത്തില്‍ നാശം വിതക്കുന്നു. തുടര്‍ച്ചയായി ആറാം ദിവസമാണ് കാട്ടാനകള്‍ ജനവാസ മേഖലയില്‍ രാത്രിയും പുലര്‍ച്ചെയുമായി ഇറങ്ങുന്നത്. ഒരാഴ്ചയായി ഭീതി പരത്തുന്ന ആനകളെ തുരത്താന്‍ നടപടിയെടുക്കാത്ത വനം വകുപ്പിന്റെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ ആര്‍ആര്‍ടി ഓഫീസ് ഉപരോധിച്ചു.
സര്‍ക്കാര്‍ അതിഥി മന്ദിരത്തിനും ഐഎച്ച്ആര്‍ഡി സ്‌കൂളിനും സമീപത്താണ് മൂന്ന് ആനകളടങ്ങുന്ന കൂട്ടം തമ്പടിച്ചിരിക്കുന്നത്. പുരയിടങ്ങളിലെ വാഴ, തെങ്ങ് എന്നിവയാണ് നശിപ്പിച്ചത്. ആനക്കൂട്ടം തമ്പടിക്കുന്ന വിവരം നാട്ടുകാര്‍ വനം വകുപ്പില്‍ അറിയിച്ചിരുന്നു.
വനം വകുപ്പ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ ആനയെ ഉള്‍ കാട്ടിലേക്ക് വിടാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.മുറിഞ്ഞപുഴ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ചര്‍ സുനില്‍, ആര്‍.ആര്‍.ടി വിഭാഗം ഫോറസ്റ്റര്‍ സെല്‍വരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇതിനുള്ള ശ്രമത്തിലാണ്.