ഭോപാൽ-മധ്യപ്രദേശിൽ വൻ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോൺഗ്രസ്. എല്ലാ വനിതകൾക്കും 1500 രൂപ ധനസഹായം, ഓരോ വീട്ടിലേക്കും 500 രൂപയ്ക്ക് എൽ.പി.ജി സിലിണ്ടർ, നൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 200 യൂണിറ്റ് വരെ പകുതി സൗജന്യം എന്നിങ്ങനെയാണ് വാഗ്ദാനം. പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കും എന്ന വാഗ്ദാനവും പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു.
അവർ ഇവിടെ വന്ന് പ്രഖ്യാപനങ്ങൾ നടത്തും. എന്നാൽ നടപ്പാക്കില്ല. അവർ ഡബിൾ എൻജിനെ പറ്റിയും ട്രിപ്പിൾ എൻജിനെ പറ്റിയും പറയും. അവർ ഇതേ കാര്യം ഹിമാചൽ പ്രദേശിലും ഡബിൾ എൻജിനെ പറ്റി പറഞ്ഞു. എന്നാൽ ഡബിൾ എൻജിനെ പറ്റി സംസാരിക്കുന്നത് നിർത്തി പ്രവർത്തിച്ചുകാണിക്കാൻ ജനങ്ങൾ അവരോട് പറഞ്ഞുവെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഛത്തീസ്ഗഢിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ് വാഗ്ദാനം ചെയ്ത വാഗ്ദാനങ്ങൾ നടപ്പാക്കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.