ന്യൂദല്‍ഹി- കള്ളുംകുടിച്ച് സ്വന്തം കാറും ഫോണും ലാപ്‌ടോപും പതിനെട്ടായിരം രൂപയും 'ആരെയോ' ഏല്‍പ്പിച്ച് മെട്രോ ട്രെയിനില്‍ കയറി വീട്ടിലെത്തി പിറ്റേന്ന് ബോധം വന്ന് പൊലീസില്‍ പരാതി നല്‍കിയയാളെ എന്തുപേരിട്ടു വിളിക്കും? ഒരുസംശയവും വേണ്ട അയാളെ വിളിക്കേണ്ട പേര് അമിത് പ്രകാശ് എന്നാണ്.
ഗ്രേറ്റര്‍ കൈലാഷ് സെക്കന്റില്‍ താമസിക്കുന്ന അമിത് പ്രകാശിനെ വെള്ളിയാഴ്ച രാത്രിയാണ് അക്കിടി പറ്റിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിതമായി മദ്യപിച്ച അമിത് പ്രകാശ് അപരിചതന്‍ ആവശ്യപ്പെട്ടപ്പോള്‍ കാറില്‍ നിന്നും ഇറങ്ങുകയായിരുന്നുവത്രെ. അമിതിന്റെ കാറില്‍ കയറിയ 'അയാള്‍' വണ്ടിയോടിച്ച് പോവുകയും ചെയ്തു. എന്തായാലും ഈ സംഭവം ട്വിറ്ററില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
സംഗതി രസകരമാണെന്ന് തോന്നിയതോടെ ട്വിറ്റര്‍ ഉപയോക്താക്കള്‍ രസകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ്. 'ഗുഡ്ഗാവില്‍ നിന്ന് തിരികെ പോകാന്‍ ആഗ്രഹിക്കാത്തതിന് നിങ്ങള്‍ക്ക് അവനെ കുറ്റപ്പെടുത്താന്‍ കഴിയില്ല!' എന്നാണ് ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തത്. 'ഒരു കാദര്‍ ഖാന്‍/ ഗോവിന്ദ സിനിമയിലെ സാധാരണ കോമഡി സീന്‍' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം സംഭവം നടക്കുമ്പോള്‍ താന്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് അമിത് പ്രകാശ് ബോധം വന്നപ്പോള്‍ പിറ്റേ ദിവസം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്സ് റോഡിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് മുപ്പതുകാരനായ അമിത് പ്രകാശ്. സംഭവം നടന്ന പിറ്റേ ദിവസം മദ്യത്തിന്റെ കെട്ടിറങ്ങിയപ്പോഴാണ് തനിക്ക് പലതും നഷ്ടപ്പെട്ടതെല്ലാം തിരിച്ചറിഞ്ഞ അദ്ദേഹം ഹരിയാന നഗരത്തിതായി തിരിച്ചറിഞ്ഞ് സെക്ടര്‍ 65 പോലീസ് സ്റ്റേഷനെ സമീപിച്ചത്.
മദ്യപിച്ച അവസ്ഥയില്‍ ഇരിക്കുകയായിരുന്ന അമിതിനെ സമീപിച്ച് അപരിചിതന്‍ അദ്ദേഹത്തോടൊപ്പം കാറില്‍ കയറുകയും അതിനകത്തുവെച്ച് ഇരുവരും ചേര്‍ന്ന് വീണ്ടും മദ്യപിക്കുകയും ചെയ്തു. ഡല്‍ഹിയിലെ സുഭാഷ് ചൗക്ക് ഏരിയയില്‍ വച്ച് അപരിചിതന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് പ്രകാശ് കാറില്‍ നിന്നും ഇറങ്ങിയത്. അതോടെ പ്രകാശിനെ അവിടെ നിര്‍ത്തി അയാള്‍ വാഹനമോടിച്ചു പോവുകയും ചെയ്തു. സംഗതിയുടെ 'കിടപ്പ്' മനസ്സിലാകാതിരുന്ന അമിത് പ്രകാശാകട്ടെ ഓട്ടോറിക്ഷയില്‍ ഹുദാ സിറ്റി സെന്റര്‍ മെട്രോ സ്റ്റേഷനിലെത്തി മെട്രോ ട്രെയിനില്‍ കയറി വീട്ടിലേക്ക് പോവുകയും ചെയ്തു.
പ്രകാശ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 379 (മോഷണം) പ്രകാരം അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഓഫീസ് വിട്ടതിന് ശേഷം ഗോള്‍ഫ് കോഴ്സ് റോഡിലെ ലേക്ഫോറസ്റ്റ് വൈന്‍ ഷോപ്പിലെ കിയോസ്‌ക് സന്ദര്‍ശിച്ചതായി അമിത് പ്രകാശ് തന്റെ പരാതിയില്‍ പറയുന്നു. മദ്യത്തിന്റെ ലഹരിയില്‍ രണ്ടായിരം രൂപ വിലയുള്ള വൈന്‍ ബോട്ടിലിന് ഇരുപതിനായിരം രൂപയാണ് അമിത് പ്രകാശ് നല്‍കിയത്. എന്നാല്‍ പതിനെട്ടായിരം രൂപ കടയുടമ മടക്കി നല്‍കുകയായിരുന്നു.
കാറിലിരുന്ന് മദ്യപിക്കുകയായിരുന്ന പ്രകാശിനെ സന്ദര്‍ശിച്ച അപരിചിതനെ മദ്യം സത്ക്കരിച്ച പ്രകാശ് തങ്ങള്‍ സുഭാഷ് ചൗക്കിലേക്കാണ് പോയതെന്ന് ഓര്‍ക്കുന്നുണ്ട്. എന്നാല്‍ താനോടിച്ചിരുന്നത് തന്റെ സ്വന്തം കാറാണെന്ന കാര്യം മറന്നുപോയിരുന്നു.
അപരിചിതനുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും നല്‍കാന്‍ അമിത് പ്രകാശിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ സി. സി. ടി. വി ദൃശ്യമങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.