ദുബായ്-അറബ് ഹോപ്‌മേക്കേഴ്‌സ് സംരംഭത്തിന് സമാരംഭമായതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. വ്യക്തിപരമായ നേട്ടങ്ങളാഗ്രഹിക്കാതെ സമൂഹത്തില്‍ നല്ല മാറ്റമുണ്ടാക്കാന്‍ തങ്ങളുടെ സമയവും പരിശ്രമവും വിനിയോഗിക്കുന്ന 'ഹോപ് മേക്കേഴ്‌സിനെ' കണ്ടെത്തി ആദരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത് 2017 ലാണ്. രണ്ടുകോടി ദിര്‍ഹത്തിന്റെ പദ്ധതിയാണിത്.
ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്. പ്രതീക്ഷയാണ് ശക്തിയുടെയും മാറ്റത്തിന്റെയും എന്‍ജിനെന്നു അദ്ദേഹം പറഞ്ഞു. സംഘര്‍ഷങ്ങളെയും നിരാശയെയും നിഷേധാത്മകതയെയും കുറിച്ച് ആളുകള്‍ സംസാരിക്കുമ്പോള്‍, ഞങ്ങള്‍ പ്രതീക്ഷയെക്കുറിച്ചും നന്മ ചെയ്യുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ആയിരക്കണക്കിന് ഹോപ് മേക്കേഴ്‌സുണ്ട്.
വിവിധ മേഖലകളില്‍ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന മാനുഷിക പദ്ധതികളെയും സംരംഭങ്ങളെയും ഇതിലൂടെ ആദരിക്കുന്നു. ആളുകളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കാനും സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.