ജിദ്ദ-മൂന്നു വര്‍ഷത്തെ വിലക്ക് നീങ്ങിയെന്ന പ്രതീക്ഷയില്‍ പുതിയ തൊഴില്‍ വിസ സംഘടിപ്പിച്ച് വീണ്ടും സൗദിയിലേക്ക് വരുന്ന പലരും ഇപ്പോഴും കുരുക്കിലകപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം അനുഭവങ്ങള്‍ മുന്‍ പ്രവാസികള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലെ എയര്‍പോര്‍ട്ടുകളില്‍നിന്ന് മടങ്ങേണ്ടിവരുമെന്നും ഇറങ്ങാന്‍ അനുവദിക്കില്ലെന്നും ഉണര്‍ത്തുന്നതാണ് മുന്നറിയിപ്പ് സന്ദേശങ്ങള്‍.
്യുഎക്സിറ്റ് റീ എന്‍ട്രി വിസയില്‍ പോയി വിസാ കാലാവധി തീരുന്നതിനുമുമ്പ് മടങ്ങിയില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് മൂന്നു വര്‍ഷത്തെ പ്രവേശന വിലക്ക് ബാധകമായിരിക്കുമെന്ന് സൗദി ജാവാസാത്ത് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. റീ എന്‍ട്രിയില്‍ പോയി പല കാരണങ്ങളാല്‍ മടങ്ങാന്‍ കഴിയാതെ വിലക്ക് നേരിടുന്നവര്‍ മൂന്നു വര്‍ഷം കാത്തിരുന്ന ശേഷം തന്നെയാണ് പുതിയ വിസ സംഘടിപ്പിക്കുന്നതും അത് സ്റ്റാമ്പ് ചെയ്ത് വരാന്‍ ശ്രമിക്കുന്നതും. എന്നാല്‍ മൂന്നുവര്‍ഷം പൂര്‍ത്തിയായോ എന്നതിലുള്ള ആശയക്കുഴപ്പമാണ് ചിലരെയെങ്കിലും പ്രതിസന്ധിയിലാക്കുന്നത്.
റീ എന്‍ട്രി വിസ അവസാനിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിരിക്കണമെന്നാണ് വ്യവസ്ഥയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കോവിഡ് കാലത്ത് പലരുടെയും റീ എന്‍ട്രി സൗദി അധികൃതര്‍ തൊഴിലാളികളും സ്പോണ്‍സര്‍മാരും അറിയാതെ തന്നെ പുതുക്കിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാതെ മൂന്നു വര്‍ഷമായി എന്നു മനസ്സിലാക്കി പുതിയ വിസ എടുത്തവര്‍ എയര്‍പോര്‍ട്ടില്‍നിന്ന് തിരിച്ചുപോകാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. പുതിയ തൊഴില്‍ വിസ ഇഷ്യു ചെയ്യുമ്പോഴോ സ്റ്റാമ്പ് ചെയ്യുമ്പോഴോ ബോര്‍ഡിംഗ് പാസ് ലഭിക്കുമ്പോഴോ ഒന്നും ഇത് വിഷയമാകില്ല. സൗദിയിലെ ഏതെങ്കിലും എയര്‍പോര്‍ട്ടില്‍ ഇറങ്ങി ഫിംഗര്‍ ബയോമെട്രിക്സ് നല്‍കുമ്പോഴാണ് ബ്ലോക്കാണെന്നും വിലക്ക് നേരിടുന്നയാളാണെന്നും ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിക്കുക. ഇത്തരക്കാരെ എയര്പോര്ട്ടുകളില്തന്നെയുള്ള പ്രത്യേക റൂമിലേക്ക് മാറ്റി പിന്നീട് ലഭ്യമാകുന്ന വിമാനങ്ങളില്‍ നാട്ടിലേക്ക് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകുന്ന വിമാന കമ്പനികള്‍ പാസ്പോര്‍ട്ട് പിടിച്ചുവെക്കുകയും മടക്ക ടിക്കറ്റിന്റെ നിരക്ക് ഈടാക്കുകയും ചെയ്യുന്നുണ്ട്.
റീ എന്‍ട്രി വിസ കാലാവധി തീര്‍ന്ന തീയതി സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്‍ പുതിയ വിസയില്‍ മടങ്ങുന്നതിന് രണ്ടോ മൂന്നോ മാസം അധികമെടുത്താലും ഇഖാമ കാലാവധി കൂടി അവസാനിച്ചോ എന്നു പരിശോധിക്കാന്‍ ശദ്ധിക്കണമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദേശം. എയര്‍പോര്‍ട്ടില്‍ കുടുങ്ങുന്ന പലരും വിളിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസവും പുതിയ വിസയില്‍ വന്നവര്‍ കുടുങ്ങിയെന്നും ജിദ്ദയിലെ സാമൂഹിക പ്രവര്ത്തകന് യാസിര്‍ ഹമീദ് പറഞ്ഞു. ഇഖാമ കാലാവധി തീര്‍ന്ന തീയതി പരിശോധിച്ച് അതിനുശേഷം മൂന്ന് വര്‍ഷം കഴിഞ്ഞ് വരുന്നവര്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും റീ എന്‍ട്രി വിസ നീട്ടിയതു സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഇതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.