മുംബൈ- മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ചിത്രം വാട്ട്സ്ആപ്പ് പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഒരു ഹിന്ദു സംഘടന പരാതി നൽകിയതിനെ തുടർന്ന് ഒരാൾക്കെതിരെ നവി മുംബൈ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മൊബൈൽ സേവന ഔട്ട്ലെറ്റിൽ ജോലി ചെയ്യുന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഔറംഗസേബിന്റെ പ്രൊഫൈൽ ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട് ഒരു ഹിന്ദു സംഘടന പോലീസിന് സമർപ്പിച്ചു. ഇത് സെക്ഷൻ 298 (മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെയുള്ള വാക്കുകൾ മുതലായവ) 153-എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഔറംഗസീബിനെയും ടിപ്പു സുൽത്താനെയും പ്രകീർത്തിച്ചതിന്റെ പേരിൽ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ അടുത്തിടെ വർഗീയ സംഘർഷം നടന്നിരുന്നു.
കോലാപ്പൂർ നഗരത്തിൽ, ബുധനാഴ്ച ടിപ്പു സുൽത്താന്റെ ചിത്രം സോഷ്യൽ മീഡിയ ''സ്റ്റാറ്റസ്'' ആയി ഓഡിയോ സന്ദേശത്തോടൊപ്പം കുറച്ച് പ്രദേശവാസികൾ ഉപയോഗിച്ചതിനെതിരെയുള്ള പ്രകടനത്തിനിടെ പ്രതിഷേധക്കാർ കല്ലെറിഞ്ഞിരുന്നു. നേരത്തെ അഹമ്മദ്നഗറിൽ നടന്ന ഘോഷയാത്രയിൽ ഔറംഗസേബിന്റെ ഫോട്ടോകൾ പ്രദർശിപ്പിച്ചിരുന്നു. ഇതും സംഘർഷത്തിന് കാരണമായിരുന്നു.