കല്‍പ്പറ്റ - കരാറുകാരനില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജി എസ് ടി സൂപ്രണ്ടിനെ സംസ്ഥാന വിജിലന്‍സ് പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ സി ജി എസ് ടി സൂപ്രണ്ട് പര്‍വീന്തര്‍ സിംഗിനെയാണ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തത്. ആദ്യമായാണ് സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനെ വിജിലന്‍സ് കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്യുന്നത്. നികുതിയായി 9 ലക്ഷം രൂപ ഒരു കരാറുകാരന് അടച്ചിരുന്നു. ഇയാളില്‍ നിന്ന് പത്ത് ലക്ഷം രൂപ അധികം അടയ്ക്കണമെന്ന് ജി എസ് ടി വകുപ്പ് നോട്ടീസ് നല്കി. എന്നാല്‍ അത്രയും തുക അടയ്ക്കേണ്ടതില്ലെന്നായിരുന്നു കരാറുകാരനും വാദിച്ചു. ഒടുവില്‍ ഒരു ലക്ഷം രൂപ കൈക്കൂലി നല്കിയാല് നികുതി കുറച്ച് തരാമെന്ന് സൂപ്രണ്ടായ പര്‍വീന്ദര്‍ സിംഗ് കരാറുകാരനോട് പറഞ്ഞു. ഇക്കാര്യം കരാറുകാരന് വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം കരാറുകാരന് സൂപ്രണ്ടിന് പണം കൈമാറിയപ്പോഴാണ് വിജിലന്‍സിന്റെ പിടിയിലായത്.