ന്യൂദൽഹി- രാജ്യത്തെ കോവിഡ് -19 വാക്സിനേഷൻ ട്രാക്കിംഗ് പ്ലാറ്റ്ഫോമായ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ആളുകളുടെ സ്വകാര്യ വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമിൽ ചോർന്നുവെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് സ സർക്കാർ അന്വേഷിക്കും. കോവിൻ സൈൻ അപ്പ് ചെയ്ത നിരവധി രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, വ്യക്തികൾ എന്നിവരുടെ സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ ടെലിഗ്രാമിൽ ലഭ്യമായിരുന്നു. ചോർച്ചയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. കോവിൻ വഴിയാണോ അതോ മറ്റേതെങ്കിലും ആപ്ലിക്കേഷനിൽ നിന്നാണോ ഡാറ്റ ലഭിച്ചതെന്ന് സർക്കാർ അന്വേഷിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് വാക്‌സിൻ എടുത്ത എല്ലാ ഇന്ത്യക്കാരുടെയും കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും ചോർന്നതായി ഡാറ്റ അടിസ്ഥാനമാക്കിയുള്ള ന്യൂസ് പോർട്ടൽ സൗത്ത് ഏഷ്യ ഇൻഡക്സ് ട്വീറ്റ് ചെയ്തിരുന്നു.
''ചോർന്ന ഡാറ്റയിൽ വിദേശത്തേക്ക് യാത്ര ചെയ്ത വ്യക്തികളുടെ പാസ്പോർട്ട് നമ്പറുകളും CoWin ആപ്പിൽ അവരുടെ യാത്രാ ചരിത്രം അപ്ഡേറ്റ് ചെയ്തതും ഉൾപ്പെടുന്നുണ്ടെന്ന് സൗത്ത് ഏഷ്യ ഇൻഡക്സ് ട്വീറ്റ് ചെയ്തു. Cowin ഡാറ്റയെ തുടർന്ന് റിസർവ് ബാങ്ക് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകി. അതേസമയം, സ്വകാര്യ വിവരങ്ങൾ പങ്കുവച്ചിരുന്ന ടെലിഗ്രാം അക്കൗണ്ട് ഇന്ന് രാവിലെ മുതൽ പ്രവർത്തനരഹിതമാണെന്ന് വൃത്തങ്ങൾ പറയുന്നു.