Sorry, you need to enable JavaScript to visit this website.

സുപ്രീം കോടതിയില്‍ കേസുകള്‍ വീതിക്കേണ്ടത് ചീഫ് ജസ്റ്റിസ് തന്നെ; ഹരജി തള്ളി

ന്യൂദല്‍ഹി- സുപ്രീം കോടതി ബെഞ്ചുകള്‍ക്കു കേസുകള്‍ വീതിച്ചു നല്‍കേണ്ടതു കൊളീജിയം ആണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതിയുടെ പരമാധികാരി ചീഫ് ജസ്റ്റിസ് ആണെന്നെന്ന കാര്യത്തില്‍ സംശയമില്ലെന്നും കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്കു വീതംവെച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.  ജസ്റ്റിസ് എ.കെ. സിക്രിയുടേതാണ് തീരുമാനം.
സുപ്രീം കോടതിയിലെ കേസുകള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ജോലി വിഭജനത്തില്‍ ചീഫ് ജസ്റ്റിസിനുള്ള അധികാരത്തില്‍ വ്യക്തത ആവശ്യപ്പെട്ടാണു മുന്‍ നിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷന്‍ ഹര്‍ജി നല്‍കിയിരുന്നത് ഭരണഘടനയില്‍ ചീഫ് ജസ്റ്റിസിന്റെ അധികാരം നിര്‍വചിച്ചിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ശാന്തിഭൂഷന്റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസിനെയും എതിര്‍കക്ഷിയാക്കിയിരുന്നു. മകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേനയാണു ശാന്തിഭൂഷണ്‍ ഹരജി നല്‍കിയത്. ജോലി വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ അധികാര ദുര്‍വിനിയോഗം ആരോപിച്ചിരുന്നു. കേസില്‍ കോടതിയെ സഹായിക്കാന്‍ കെ.കെ. വേണുഗോപാലിനോടും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടും ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. താന്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ഹരജി പരാമര്‍ശിക്കുന്നതു ജസ്റ്റിസ് ചെലമേശ്വര്‍ തടഞ്ഞിരുന്നു.
 
 

Latest News