സ്വയം ശൂന്യവല്‍ക്കരിക്കുക എന്നാല്‍ മൂല്യവത്കരിച്ച് വിഗ്രഹവല്‍ക്കരിച്ചു പവിത്രമാക്കി ഹൃദയത്തില്‍ സൂക്ഷിക്കുന്ന വെറുപ്പുകളെക്കൂടി ഉപേക്ഷിക്കുക എന്നാണ്. പകരം, തിന്മയെ സ്വന്തം ജീവിതശൈലിയാക്കി ഉദാത്തമായ ക്രിസ്തീയമാതൃകയാക്കുന്നത് വെറും സമുദായത്തിലേക്ക് ചുരുക്കപ്പെടുന്ന വിശ്വാസത്തിന്റെ ഫലമാണ്. മുസ്ലിങ്ങളെ വെറുക്കാതെ ഒരാള്‍ക്ക് ക്രിസ്ത്യാനിയാകാന്‍ കഴിയില്ലെന്ന പുതിയ സുവിശേഷപാഠങ്ങളിലേക്കു ഒരു സമൂഹത്തെയാകെ നയിക്കുന്ന വര്‍ഗീയ വിഷം ഒളിഞ്ഞും തെളിഞ്ഞും പവിത്രീകരിച്ചു നല്‍കിയതില്‍ നേതൃത്വത്തിന്റെ പങ്കും അവഗണിക്കാവുന്നതല്ല.
സഹപാഠികളും അയല്‍ക്കാരും സുഹൃത്തുക്കളുമായി നല്ല മുസ്ലിങ്ങള്‍ ഉണ്ടായിരുന്നു എന്നത് തന്നെയാണ് അകല്‍ച്ചയുടെയും സംശയത്തിന്റെയും വിഷമിറക്കാതിരിക്കാന്‍ എന്നെ തടയുന്നത്. മാത്രവുമല്ല ക്രിസ്തുവിന്റെ സര്‍വത്രികതയെ മനസിലാക്കുന്ന ആര്‍ക്കും സങ്കുചിതമായ ഒരു സമുദായ സംവിധാനത്തിലേക്ക് ക്രിസ്തുവിനെയോ സഭയെയോ ചുരുക്കി നിര്‍ത്തിക്കൊണ്ട് ഏതെങ്കിലും പ്രത്യേക സമൂഹത്തോട് അകല്‍ച്ച സൂക്ഷിക്കാനാകും എന്ന് എനിക്ക് കരുതാനാകുന്നില്ല.
അഹങ്കാരം ആധികാരികത നഷ്ടപ്പെടുത്തിക്കളയുന്ന ഹൃദയാന്ധകാരമാണ് നമ്മെ നയിക്കുന്നത്. കുറവുകളുടെ നിഷേധവും, തെറ്റുകളുടെ പ്രതിരോധവും, അവിശുദ്ധ കൂട്ടുകെട്ടുകളും നമ്മെ (സഭയെ) ഒരു തരത്തിലും വളര്‍ത്തുകയോ സുരക്ഷിതമാക്കുകയോ ചെയ്യുന്നില്ല. ആന്തരികമായ കുറവുകളെ അംഗീകരിക്കാതെ, മാനസാന്തരത്തിനു തയ്യാറാകാതെ, പുറംലോകത്തെ ശത്രുവാക്കുന്നതില്‍ ആത്മാര്‍ത്ഥതയോ സഭയുടെ വിശുദ്ധിയോ ഇല്ല. ആത്മശോധന ചെയ്യേണ്ട, പഠനമാക്കേണ്ട, അപഗ്രഥനം ആവശ്യമായ വിഷയങ്ങള്‍ ഏറെയുള്ളപ്പോള്‍, അതിനു തയ്യാറാവുന്നതിനു പകരം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കും വിധം നിരുത്തരവാദപരമായ ശബ്ദങ്ങളാണ് നമ്മെ നയിക്കുന്നത്. മാത്രവുമല്ല, നമ്മള്‍ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തിസ്ഥാനങ്ങളുടെ രീതിശാസ്ത്രങ്ങള്‍ നമ്മുടെ (സഭയുടെ) ആരോപണങ്ങളില്‍ പ്രകടവുമാണ്. സഭ പ്രകടമായി അങ്ങനെ ഒന്നും പറയാത്ത പാവം വിശുദ്ധയാണ് എന്നാണോ? തീര്‍ച്ചയായും അല്ല. ശബ്ദം കൊണ്ടും മൗനം കൊണ്ടും മനഃസാക്ഷി കൊണ്ടും നമ്മള്‍ മലിനമാണ്. സുവിശേഷത്തെ സംബന്ധിച്ച വിളര്‍ച്ചയാണ് ആറേഴു വര്‍ഷങ്ങളിലെ മതസാമുദായിക അവബോധന പ്രക്രിയ വഴി നമ്മള്‍ സഭക്ക് വേണ്ടി നേടിയത്. ആ വിളര്‍ച്ച ഒരു വളര്‍ച്ചയായാണ് പലര്‍ക്കും തോന്നുന്നത് എന്നത് ദയനീയമാണ്.
അതുകൊണ്ട്,
സുരക്ഷാമതിലുകള്‍ക്കുള്ളില്‍ സ്വയം അടച്ചു സമുദായമാകാന്‍ ശ്രമിക്കുന്ന ആ സംവിധാനത്തില്‍ ഞാന്‍ അംഗമല്ല.
സഭാവക്താക്കളായും സഭാസംരക്ഷകരായും സാമൂഹ്യ മാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പ്രത്യക്ഷപ്പെടുകയും വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്നവര്‍ ഏതു സഭയെ പ്രതിനിധീകരിക്കുന്നോ ആ സഭയില്‍ ഞാന്‍ അംഗമല്ല.
ആ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്ന പുതിയ സുവിശേഷത്തിലും അത് വെളിപ്പെടുത്തുന്ന പുതിയ ദൈവ ക്രിസ്തു രൂപങ്ങളിലും അത് സഭയെന്ന് വിളിക്കുന്ന സംവിധാനത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല.
സൗഹൃദങ്ങളിലേക്കും അയല്‍ബന്ധങ്ങളിലേക്കും സംശയത്തിന്റെ വിഷം കലര്‍ത്തുന്ന വെറുപ്പ് പ്രോത്സാഹിപ്പിക്കുന്ന ആത്മപ്രേരണകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
വസ്ത്രം കണ്ട് വെറുക്കാനും പൈശാചികവത്കരിക്കാനും പഠിപ്പിക്കുന്ന സംവിധാനം എത്ര തന്നെ പരിശുദ്ധമാണെന്ന് ഏതു മാലാഖ പ്രസ്താവിച്ചാലും സഭയായോ വിശ്വാസമായോ കരുതാന്‍ ഞാന്‍ ഒരുക്കമല്ല.
കാരണം, ചെറുപ്പം മുതല്‍ ജാതിക്കും മതത്തിനും അതീതമായി അനേകരുടെ കരുണ ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. ആ അനുഭവങ്ങളില്‍ നിന്നാണ് എനിക്കായി ഞാന്‍ ക്രിസ്തുവിനെ നിര്‍വചിച്ചത്