Sorry, you need to enable JavaScript to visit this website.

ചുഴലിക്കാറ്റ് അതിതീവ്രമായി, മുംബൈ  വിമാനത്താവളം ഭാഗികമായി അടച്ചു

മുംബൈ- അറബിക്കടലില്‍ രൂപപ്പെട്ട 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് അതീതീവ്രതമായതോടെ ഗുജറാത്തില്‍ ജാഗ്രതാനിര്‍ദേശം. കാറ്റ് ശക്തമായതോടെ മുംബൈ വിമാനത്താവളത്തിലെ 09/27 റണ്‍വേ താത്ക്കാലികമായി അടച്ചു. ഇതോടെ മുംബൈ കേന്ദ്രീകരിച്ചുള്ള നിരവധി വിമാനസര്‍വീസുകള്‍ വൈകുന്നതായും ചിലത് റദ്ദാക്കിയതായും വിമാന കമ്പനികള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ[ി ഉന്നതതല യോഗംവിളിച്ചിട്ടുണ്ട്.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന നാല് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായാണ് വിവരം. വിമാനങ്ങള്‍ വൈകിയതോടെ യാത്രക്കാരില്‍ പലരും അധികൃതരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് നിയന്ത്രണാതീതമായ സാഹചര്യങ്ങള്‍ ഉണ്ടായതിനാലാണ് ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതരായതെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു.
തടസ്സങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ബിപോര്‍ജോയ് തീവ്രമായതിന്റെ ഫലമായുണ്ടാകുന്ന ശക്തമായ കാറ്റാണ് മുംബൈ വിമാനത്താവളത്തില്‍ സര്‍വീസിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റു തീരപ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകളാണ് അടിച്ചുകയറുന്നത്. അടുത്ത മണിക്കൂറുകളിലും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തിലെ കച്ച് സൗരാഷ്ട്ര പ്രദേശത്തേക്ക് നീങ്ങുന്നതായാണ് വിവരം. 15-ന് ഗുജറാത്തിലെ മാണ്ഡ്വിക്കും പാകിസ്താനിലെ കറാച്ചിക്കുമിടയില്‍ 150 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് കരയില്‍ കടക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Latest News