ന്യൂദല്‍ഹി-പഞ്ചാബില്‍നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം പാകിസ്ഥാന്‍ വ്യോമപാതയില്‍ കടന്നു. അമൃത്സറില്‍ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനമാണ് മോശം കാലവാസ്ഥയെ തുടര്‍ന്ന് പാകിസ്ഥാന്‍ വ്യോമപാതയിലൂടെ സഞ്ചരിച്ചത്. പാകിസ്ഥാനിലെ ഗുജ്രാന്‍വാല മേഖലയിലൂടെയാണ് വിമാനം പറന്നത്.
അമൃത്സറിലെ എടിസി ഉദ്യോഗസ്ഥര്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ അനുമതി തേടിയതിന് ശേഷമാണ് വിമാനം അട്ടാരി വഴി തിരിച്ചുവിട്ടതെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. പാക് വ്യോമപാതയില്‍ പ്രവേശിച്ച വിമാനം അരമണിക്കൂറിനുശേഷമാണ് തിരികെ എത്തിയത്. മോശം കാലാവസ്ഥ അനുഭവപ്പെടുന്ന സാഹചര്യങ്ങളില്‍ ഇത്തരം നടപടികള്‍ സ്വാഭാവികമാണെന്ന് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ മെയില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമപാതയിലൂടെ പത്ത് മിനിറ്റോളം സഞ്ചരിച്ചിരുന്നു.