താനെ-ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്ലിക്കേഷനിലൂടെ യുവാക്കളെ മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ യുപി പോലീസ് അന്വേഷിക്കുന്ന പ്രധാന പ്രതിയായ ബദ്ദോ എന്ന ഷാനവാസ് ഖാനെ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ അറസ്റ്റ് ചെയ്തു.
അലിബാഗ് നഗരത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുംബ്ര ടൗണ്‍ഷിപ്പില്‍ നിന്നുള്ള ഖാനു വേണ്ടി ഗാസിയാബാദ് പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചോദ്യം ചെയ്യലിനായി ഖാനെ മുംബ്രയിലേക്ക് കൊണ്ടുപോകുകയാണെന്നും കൂടുതല്‍ വിശദീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഖാനും ഗാസിയാബാദിലെ ഒരു പള്ളിയിലെ ഇമാമിനുമെതിരെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധമായ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരുന്നത്.
അടുത്തിടെ 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പാസായ തന്റെ മകനെ മതപണ്ഡിതനും ബദ്ദോയും ചേര്‍ന്ന് നിയമവിരുദ്ധമായി ഇസ്ലാം മതത്തിലേക്ക് മതം മാറ്റിയെന്ന് ആരോപിച്ച് ഗാസിയാബാദില്‍ നിന്നുള്ള ഒരാള്‍ കഴിഞ്ഞ മാസം പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഒരു ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പ് വഴിയാണ് മകന്‍ ബദ്ദോയുമായി സമ്പര്‍ക്കം പുലര്‍ത്തിയതെന്നും ബദ്ദോയുമായി ഇടയ്ക്കിടെ സംസാരിച്ചതിനു പിന്നാലെയാണ് ഇസ്ലാം സ്വീകരിക്കാന്‍ സ്വീകരിച്ചതെന്നുമാണ് പരാതിയില്‍ പറഞ്ഞത്.
ബദ്ദോ ഇസ്ലാമിനെ കുറിച്ച് പഠിപ്പിച്ചതിനാലാണ് താന്‍ ഇസ്ലാം മതം സ്വീകരിച്ചതെന്ന് കുട്ടി പിതാവിനോട് പറഞ്ഞതായും പോലീസ് പറഞ്ഞു.