ബംഗളൂരു- കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലുള്ള എല്ലാ ബസുകളിലും വനിതകള്‍ക്ക് ഇനി സൗജന്യ യാത്ര. വിധാന്‍ സൗധയ്ക്കു മുന്നില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ 'ശക്തി' എന്ന പേരിലുള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട വനിതാ യാത്രക്കാര്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും വിധാന്‍ സൗധയില്‍ നിന്ന് മജസ്റ്റിക്കിലേക്ക് ബസ് യാത്ര നടത്തി. ഈ യാത്രയില്‍ സൗജന്യ യാത്രയ്ക്കുള്ള ശക്തി സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്തു.
സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ഈ കാര്‍ഡ് ലഭിക്കുന്നതുവരെ കേന്ദ്ര സര്‍ക്കാരോ കര്‍ണാടക സര്‍ക്കാരോ അംഗീകരിച്ച ഐ ഡി കാര്‍ഡ് കൈവശമുണ്ടായാലും സൗജന്യമായി യാത്ര ചെയ്യാനാവും.
സംസ്ഥാനത്തെ 41.8 ലക്ഷം സ്ത്രീകള്‍ക്കാണ് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ഓര്‍ഡിനറി മുതല്‍ എക്‌സ്പ്രസ് വരെയുള്ള 18609 ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാനാവുക. പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാറിന് വര്‍ഷത്തില്‍ 4051.56 കോടിയുടെ അധിക ബാധ്യതയുണ്ടാകും. എങ്കിലും സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരും ഇടത്തരക്കാരുമായ വനിതകള്‍ക്ക് പദ്ധതിയിലൂടെ വലിയ ആശ്വാസം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിമാസ ചെലവില്‍ വനിതകളുടെ യാത്രാക്കൂലി ഒഴിവായിക്കിട്ടുന്നത് കുടുംബങ്ങളില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്നും സ്ത്രീകളുടെ മുഖങ്ങളില്‍ ആശ്വാസത്തിന്റെ പുഞ്ചിരി തെളിയുമെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.
വനിതകളെ പിന്തുണക്കുന്ന കര്‍ണാടക സര്‍ക്കാര്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വൈകാതെ യാഥാര്‍ഥ്യമാക്കുമെന്നും അറിയിച്ചു.
വീട്ടമ്മമാര്‍ക്കും ജോലിക്കു പോകുന്ന വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കുമെല്ലാം യാത്ര സൗജന്യമായി. എന്നാല്‍ കര്‍ണാടകയ്ക്ക് പുറത്തേക്കു പോകുന്ന ബസ്സുകളില്‍ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ വരെയാണ് സൗജന്യ യാത്ര അനുവദിക്കുക.