മുസഫര്‍നഗര്‍- ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയില്‍ ദയൂബന്ദ് ദാറുല്‍ ഉലൂമിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് സംഘ് പരിവാര്‍ സംഘടനാ പ്രവര്‍ത്തകരെ പോലീസ് വീട്ടുതടങ്കലിലാക്കി. മുസഫര്‍നഗറിലെ വീടുകളില്‍നിന്നാണ് ഇവരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ പോലീസ് തടഞ്ഞത്.
ലൗ ജിഹാദിനായി ഹിന്ദു പെണ്‍കുട്ടികളെ കെണിയിലാക്കുന്നതിന് മുസ്ലിം യുവാക്കള്‍ കൈയില്‍ ചുവന്ന നൂല് കെട്ടുന്നതിനെതിരെ ഫത്‌വ ആവശ്യപ്പെട്ട് ദയൂബന്ദിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
ദാറുല്‍ ഉലൂമില്‍നിന്ന് രേഖാമൂലം ഫത് വ ആവശ്യപ്പെടുമെന്നാണ് ക്രാന്തി സേന, ശിവസേന പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. പോലീസ് സ്വമേധയാ നടപടി സ്വീകരിച്ചാണ് മുസഫര്‍ നഗര്‍ സിറ്റിയിലും ചര്‍ത്വാള്‍ പ്രദേശത്തും പ്രവര്‍ത്തകരെ വീടുകളില്‍ തടങ്കലിലാക്കിയത്.
സഹാറന്‍പൂരില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥരെത്തി ഇവരോട് കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാകേഷ് ശര്‍മ പറഞ്ഞു.
യോഗി സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ക്രാന്തി സേന സ്ഥാപകന്‍ ലളിത് മോഹന്‍ ശര്‍മ പറഞ്ഞു. നിശബ്ദമായിരിക്കില്ലെന്നും സര്‍ക്കാരിനെതിരെ പ്രകടനം നടത്തുമെന്നും ദയൂബന്ദ് വളയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.