- എഴുതാത്ത പരീക്ഷ പാസായി എന്ന വാർത്ത റിപ്പോർട്ട് ചെയ്തത് മഹാ അപരാധം! ഉന്നത വിദ്യാഭ്യാസ മേഖല മാത്രമല്ല, അഭ്യന്തര വകുപ്പും ഭരിക്കുന്നത് എസ്.എഫ്.ഐ ഗുണ്ടകൾ. ആർഷോമാർക്ക് ആവേശം സ്വാഭാവികമെന്ന് കേന്ദ്ര മന്ത്രി
തിരുവനന്തപുരം - കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല മാത്രമല്ല, അഭ്യന്തരവകുപ്പും ഭരിക്കുന്നത് എസ്.എഫ്.ഐയുടെ ഗുണ്ടകളാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അതിന്റെ തെളിവാണ് എസ്.എഫ്.ഐക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ലേഖികക്കെതിരായ കേസ്. എം.വി ഗോവിന്ദൻ ഇതിനെ ന്യായീകരിച്ചതിലൂടെ സിപിഎമ്മിന്റെ അറിവോടെയാണ് കേസെടുത്തതെന്നും വ്യക്തമായിരിക്കുന്നു.
എസ്.എഫ്.ഐ നേതാവ് എഴുതാത്ത പരീക്ഷ പാസായി എന്ന വാർത്ത റിപ്പോർട്ട് ചെയ്തത് മഹാ അപരാധമായിപ്പോയി പോലും. വധശ്രമമടക്കം ഒരു ഡസൻ കേസുകളിൽ പ്രതിയായ, സഹപാഠിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ക്രിമിനലിന് വേണ്ടിയാണ് എം.വി ഗോവിന്ദനും കേരള പോലീസും രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യാജരേഖക്കാരിയായ എസ്.എഫ്.ഐ നേതാവും ആൾമാറാട്ടക്കാരൻ നേതാവും സുഖമായി കറങ്ങി നടക്കുമ്പോൾ അഖില നന്ദകുമാർ പ്രതിയാവുന്നു. കുത്തു കേസ് പ്രതികൾ പി.എസ്.സി പട്ടികയിൽ ഇടംപിടിക്കുന്ന പിണറായി ഭരണം. എസ്.എഫ്.ഐ ഗുണ്ടകൾ കലാലയം കീഴടക്കുമ്പോൾ അധ്യാപകർ പോലും നിസഹായരാവുന്നു. ഇന്നത്തെ ഗൂണ്ടകൾ നാളത്തെ നേതാക്കൾ എന്ന സി.പി.എം നയമാണ് കുട്ടിസഖാക്കൾക്ക് ഊർജമാകുന്നത്. കേരള സർവകലാശാലയിലെ പ്രഫ. വിജയലക്ഷ്മിയുടെ മുടിക്കുത്തിന് പിടിച്ച് വധഭീഷണി മുഴക്കിയ എ.എ റഹിമും സി.എം.എസ് കോളേജ് തല്ലിപ്പൊളിച്ച ജെയ്ക്ക് സി തോമസുമെല്ലാം പാർട്ടിയിൽ പ്രമുഖരാകുമ്പോൾ ആർഷോമാർക്ക് ആവേശം തോന്നുക സ്വാഭാവികം മാത്രം. മാധ്യമസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങളിൽ ഗോവിന്ദൻ മാഷിന്റെ സ്റ്റഡി ക്ലാസുകൾ തുടരട്ടെ. കേരളം നമ്പർ വൺ ആണെന്ന് നമുക്ക് അഭിമാനിക്കാമെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.