ചെന്നൈ- കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിന് വേണ്ടി എന്ത് ചെയ്തുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംസ്ഥാനത്ത് കേന്ദ്രം കൈവരിച്ച നേട്ടങ്ങള്‍ പട്ടികപ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അദ്ദേഹം ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കാന്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഷാ പങ്കെടുക്കുന്നുണ്ട്. സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം.
കേന്ദ്ര ആഭ്യന്തരമന്ത്രി ചെന്നൈയിലേക്ക് വരുന്നതായി പത്രങ്ങളില്‍ വായിച്ചിരുന്നു. ഇതെല്ലാം 2024ലെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ്. എന്നിരുന്നാലും, കഴിഞ്ഞ ഒമ്പത് വര്‍ഷമായി തമിഴ്നാടിന് വേണ്ടി കേന്ദ്രം ചെയ്ത കാര്യങ്ങളുടെ ഒരു ലിസ്റ്റ് പുറത്തുവിടണം. സമഗ്രമായ പട്ടിക പുറത്തുവിടാന്‍ ഷായ്ക്ക് ധൈര്യമുണ്ടോയെന്നും സ്റ്റാലിന്‍ വെല്ലുവിളിച്ചു. ബിജെപിക്ക് എപ്പോള്‍ വേണമെങ്കിലും തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ടെന്നും കര്‍ണാടകയില്‍ തങ്ങള്‍ നേരിട്ട പരാജയം ആവര്‍ത്തിക്കുമെന്ന ഭയത്താല്‍ തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.